ഷവോമിയുടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു; വീഡിയോ കാണാം

single-img
25 July 2017

ബെംഗളൂരു: അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലേറിയ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡല്‍ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ജൂലൈ 17 ന് ബെംഗളുരുവിലെ ഒരു മൊബൈല്‍ കടയിലായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ കടയുടമക്ക് പൊള്ളലേറ്റു.

സിം കാര്‍ഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിന് ഫോണിന്റെ ഉടമയായ അര്‍ജ്ജുന്‍ എന്നയാള്‍ ബെംഗളൂരുവിലെ ഈ മൊബൈല്‍ കടയില്‍ എത്തിയതായിരുന്നു. ഫോണ്‍ വാങ്ങിച്ച കടയുടമ സിം ഇടാനായി സ്ലോട്ട് തുറന്നപ്പോള്‍ തന്നെ ഫോണ്‍ അഗ്‌നിഗോളമായി മാറി പുര്‍ണ്ണമായി കത്തി നശിക്കുകയുണ്ടായി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവം ഷവോമി അന്വേഷിച്ച് വരികയാണെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. ഉപഭോക്താവിന്റെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അര്‍ജ്ജുന്‍ എന്നയാളില്‍ നിന്ന് കാര്യങ്ങള്‍ കമ്പനി ചോദിച്ചറിയുമെന്നും ഷവോമി വാക്താവ് അറിയിച്ചു.

ജൂണില്‍ ഈ കടയില്‍ നിന്ന് തന്നെയാണ് അര്‍ജ്ജുന്‍ ഫോണ്‍ വാങ്ങിയത്. തീപിടുത്തത്തില്‍ കടയുടമയുടെ കൈക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കടയുടമ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ പൊട്ടിത്തെറിച്ചത് റെഡ്മി നോട്ട് 4 അല്ല എന്ന രീതിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്‌.