ഹോട്ടല്‍ ബില്ലടയ്ക്കാതെ മുങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആരെന്നോ? എഡിജിപി ടോമിന്‍ തച്ചങ്കരി

single-img
25 July 2017


കോഴിക്കോട്: മാവൂര്‍ റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലയായ റാവിസില്‍ മുറിയെടുത്ത് പണം അടക്കാതെ മുങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയാണെന്ന് സ്ഥിരീകരിച്ചു. തീരദേശ പോലീസ് മേധാവി ആയിരിക്കെ ജില്ലയിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമയി കഴിഞ്ഞ ഏപ്രിലിലാണ് തച്ചങ്കരി കോഴിക്കോട്ടെ ഹോട്ടലില്‍ മുറിയെടുത്തത്.

ഏപ്രില്‍ എട്ടിന് രാത്രി 11.17 നായിരുന്നു ടോമിന്‍ തച്ചങ്കരി ഹോട്ടലില്‍ മുറിയെടുത്തത്. പിറ്റേന്ന് രാത്രി ഏഴ് മണിയോടെ ഹോട്ടല്‍ വിടുകയും ചെയ്തു. നക്ഷത്ര ഹോട്ടലിലെ ഒരു ദിവസത്തെ താമസത്തിന് ചെലവായത് 8519 രൂപയായിരുന്നു. ബില്‍ തച്ചങ്കരിക്ക് നല്‍കിയപ്പോള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഏല്‍പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

തുടര്‍ന്ന് പിറ്റേന്ന് തന്നെ ബില്‍ കമ്മീഷണര്‍ ഓഫീസില്‍ ഏല്‍പിച്ചു. എന്നാല്‍ ബില്ലടയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. പോലീസ് ആസ്ഥാനത്തേക്ക് ബില്‍ അയച്ചുവെന്നായിരുന്നു ഓഫീസില്‍ നിന്നും പിന്നീടുള്ള പ്രതികരണം. എന്നാല്‍ മൂന്ന് മാസമായിട്ടും പണം കിട്ടിയിട്ടില്ല. ഗ്രേഡ് വണ്‍ ഓഫീസറായ എഡിജിപിക്ക് കോഴിക്കോട് നഗരത്തില്‍ മുറിവാടകയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 1500 രൂപ മാത്രമാണ് എന്നതായിരുന്നു കാരണം.

എഡിജിപി പണം നല്‍കാതെ മുങ്ങിയതോടെ വെട്ടിലായത് അന്ന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരായിരുന്നു. മുറിയെടുത്തയാള്‍ ബില്‍ അടച്ചില്ലെങ്കില്‍ അത് ഡ്യൂട്ടി മാനേജരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുന്നതാണ് പതിവ്. ഇതു കാരണം ബില്‍ തുകയായ 8519 രൂപ ഡ്യൂട്ടി മാനേജരുടെ പേരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പിടിച്ച് വെച്ചിരിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

അതേസമയം ബില്‍ പോലീസ് ആസ്ഥാനത്ത് എത്താന്‍ വൈകിയതിനാലാണ് താമസം നേരിട്ടതെന്നും ബില്‍ കിട്ടിയ ഉടന്‍ ഹോട്ടലിന് പണം കൈമാറിയിട്ടുണ്ടെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്.