തൊണ്ടിമുതലും ദൃക്‌സാക്ഷിയും : കഥാപാത്രങ്ങളും അധികാര ശ്രേണിയും

single-img
25 July 2017

ശ്രീഹരി ശ്രീധരൻ

മലയാളികൾ ഏറെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ‘കേരളാമോഡൽ’ ന്റെ പ്രതിനിധാനമാണ് ശ്രീജ. സമ്പന്നമായ ഒരു പശ്ചാത്തലമില്ല. പക്ഷെ അടിസ്ഥാന വിദ്യാഭ്യാസം മലയാളികൾക്ക് നൽകിയിട്ടുള്ള ശാക്തീകരണം ശ്രീജയിലുണ്ട്‌. ഡിഗ്നിറ്റിയോടെ ജീവിക്കാൻ ഉള്ള , പൗരൻ എന്ന നിലയിൽ തനിക്കുള്ള അവകാശങ്ങളെപ്പറ്റി ബോധ്യവും അതിനെതിരെ ഉണ്ടാകുന്ന ഏത് അധിനിവേശത്തോട് പ്രതികരിക്കാൻ ഉള്ള ശേഷിയും ശ്രീജയ്ക്കുണ്ട്.

ജാതിശ്രേണിയിൽ ഒരു പടി കീഴെ നിലകൊള്ളുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ ഈഴവനായ പ്രസാദിനു കാഴ്ചപ്പാടുകളിലും സോഫിസ്റ്റിക്കേഷൻ ഇല്ല. അയാൾ നല്ല മനുഷ്യനല്ലെന്നല്ല. ജീവിതത്തിലൊരിക്കലും അധികാരത്തിന്റെ ഒരു കണം പോലും വ്യക്തിപരമായി അനുഭവിക്കാത്ത മനുഷ്യൻ എന്നതാണ് അയാളുടെ വ്യക്തിത്വത്തിന്റെ നിർമാണശില.

തന്റെ വ്യക്തിപരമായ ഇടത്തിലേക്കുള്ള പ്രസാദിന്റെ കടന്നുകയറ്റത്തോട് ശ്രീജ പ്രതികരിക്കുന്നു. മുൻപ് സൂചിപ്പിച്ച കേരളമോഡലിന്റെ ബെനിഫിഷ്യറി എന്ന നിലയിൽ തന്റെ കാസ്റ്റ് ബാര്യറിനെ മറികടന്ന് പ്രസാദ് എന്ന വ്യക്തിയെ കാണാനും ഇഷ്ടപ്പെടാനും ശ്രീജയ്ക്ക് സാധിക്കുന്നു. ശ്രീജയുടെ ഒരു തലമുറയ്ക്ക് മുന്നേയുള്ള മാതാപിതാക്കൾ ഇന്നും ഫ്യൂഡൽ ഹാങ്ങോവറിലാണ് കഴിയുന്നത്.

ആദ്യരംഗങ്ങളിൽ തന്നെ ‘moral high position’ പ്രസാദിനു മേലെ ശ്രീജ സ്ഥാപിക്കുന്നുണ്ട്‌. പ്രസാദ് പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ മടിയുള്ള, ഒരല്പം പേടിയുള്ള , കുറേയൊക്കെ അധികാരത്തിനു വിധേയപ്പെടുന്ന ആളാണ്.

ആകസ്മിക സംഭവം

അടൂരിന്റെ സ്വയംവരത്തിൽ നവദമ്പതികളുടെ യാത്രയുടെ വളരെ വിശദമായ കാഴ്ചയുണ്ട്. തൊണ്ടിമുതൽ ഈ കാഴ്ചയെ അപ്പാടെ ഒഴിവാക്കുന്നു. പകരം ശ്രീജയും പ്രസാദും കാസർകോടിലെത്തിയ ശേഷമാണ് കഥ പുനരാഭിക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന അവരുടെ ഇടയിലേക്ക് കള്ളൻ പ്രവേശിക്കുന്നു. ശ്രീജയുടെ മാല മോഷ്ടിക്കുകയും വിഴുങ്ങുകയും ചെയ്യുന്നു.

സംഭവം നടന്ന ഉടനെ ക്യാമറ ‘God’s view’ എന്ന് വിളിക്കാവുന്ന ആംഗിളിലേക്ക് പിൻ വലിയുന്നു. വലിയ ലോകത്തെ സംഭവത്തിന്റെ നിസാരതയെ സൂചിപ്പിക്കുന്നുണ്ട്‌. അതിലുപരി പിന്നീട് നടക്കാനിരിക്കുന്ന ചില ഡ്രാമകളുടെ സ്റ്റേയ്ജിനെ ഈ ഷോട് പരിചയപ്പെടുത്തുന്നു.

ദൃശ്യഭാഷ

നല്ല സിനിമാറ്റോഗ്രഫി എന്നാൽ വിഷ്വൽ എക്സ്ട്രാവാഗൻസ ആണെന്ന ധാരണയിൽ നിന്നും മാറി പകരം പ്രേക്ഷകനു സിനിമ എളുപ്പം മനസിലാക്കാൻ കഴിയുന്ന രീതിയിൽ കാഴ്ചയെ ക്രമപ്പെടുത്തുക എന്ന അടിസ്ഥാനതത്വമാണ് സിനിമയുടെ വിഷ്വൽ നരേയ്റ്റീവ്. മോഷണം നടന്ന ബസിനു മുകളിലേക്ക് കാഴ്ച വട്ടം വികസിപ്പിച്ച് ചുറ്റുമുള്ള പ്രദേശത്തിന്റെ ഏകദേശഭൂമിശാസ്ത്രം കാഴ്ചക്കാരനിലേക്ക് ക്യാമറ എത്തിക്കുന്നു. പിന്നീട് ഇതുവഴി ഒരു ചേസിങ് സീൻ ഉണ്ടാകുമ്പോൾ പ്രേക്ഷകനു ‌ദിശാബോധം നഷ്ടപ്പെടുന്നില്ല.

രംഗം

മോഷണരംഗത്തിൽ നിന്നും നേരെ പോലീസ് സ്റ്റേഷനിലേക്ക് ഒരു ജമ്പ് കട്ട്. പക്ഷെ ആ പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് പൊലീസ് സ്റ്റേഷന്റെ പരിസരപ്രദേശത്തെ കാഴ്ചക്കാരനു പരിചയപ്പെടുത്തുന്നു. ശ്രദ്ധ പതറാത്ത വിധം സരസമായ ഒരു സംഭാഷണരംഗം സ്റ്റെഡി ക്യാം വഴി സമയദൈർഘ്യമേറിയ ഒരു ഷോട്ടിലൂടെ ചിത്രീകരിച്ച ശേഷമാണ് സ്റ്റേഷനിലെ രംഗങ്ങൾ തുടങ്ങുന്നത്.

സാഹിത്യത്തിൽ ഇത്തരം നരേഷന്റെ ആശാനായിരുന്നു കുമാരനാശാൻ. അദ്ദിക്കിലൂടെ കിഴക്കു നിന്നേറെ നീണ്ടെത്തുമൊരു വഴി ശൂന്യമായി/സ്വച്ഛതരമായ കാനല്പ്രവാഹത്തിൽ നീർച്ചാലു പോലെ തെളിഞ്ഞു മിന്നി/ ഉച്ചമായങ്ങൊരു വന്മരം കാണുന്നു നിശ്ചലമായ കാർ കൊണ്ടൽ പോലെ എന്ന് വിശദമായി പരിചയപ്പെടുത്തിയ ശേഷമാണ് ആശാൻ ബുദ്ധഭിക്ഷുവും ചണ്ഢാലയുവതിയും തമ്മിലുള്ള ആദ്യരംഗം അവതരിപ്പിക്കുന്നത്.

കാസർകോടൻ വേനലിന്റെ രൂക്ഷതയും സമീപപ്രദേശത്തിന്റെ ഭൂമിശാസ്ത്രവും ഉത്സവത്തിന്റെ അന്തരീക്ഷവും രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് കാഴ്ചക്കാരനു പരിചയപ്പെടുത്തിയ ശേഷം ക്യാമറ സ്റ്റേയ്ഷനിലേക്ക് പ്രവേശിക്കുന്നു.

 കാഫ്കയെസ്ക് (the Kafkaesque)

ജസ്റ്റ് ആയ സമൂഹത്തെപ്പറ്റി , ഐഡിയൽ എന്നു വിളിക്കാവുന്ന സങ്കല്പവുമായാണ് ശ്രീജ സ്റ്റേയ്ഷനിലെത്തുന്നത്. അവിടെ വെച്ച് ഒരു സിസ്റ്റത്തിന്റെ സങ്കീർണതകളെ അലൻസിയർ അവതരിപ്പിക്കുന്ന പൊലീസ് കോൺസ്റ്റബിളിലൂടെ ശ്രീജ ആദ്യമായി അറിയുന്നു. ശ്രീജയെ സംബന്ധിച്ച് ഹ്യൂമൻ ഡിഗ്നിറ്റി ആണ് ഏറ്റവും പ്രധാനം. മോഷ്ടിച്ചില്ല എന്ന് കള്ളൻ കളവു പറയുന്നത് ശ്രീജയുടെ ഈഗോയെ മുറിപ്പെടുത്തുന്നു.

അധികാരം അനുഭവിക്കാതെ വളർന്ന ഒരാളെന്ന നിലയ്ക്ക് സുരാജിന്റെ പ്രസാദിനു ശ്രീജയോളം ഐഡിയൽ ആയ ലോകവീക്ഷണമില്ല. ഈ ഊരാക്കുടുക്കിൽ പെട്ടുപോയത് അയാളെ വല്ലാതെ അലോസരപ്പെടുത്തുന്നു. “കെട്ടുതാലിയല്ലേ ശ്രീജേ , ശ്രദ്ധിക്കണ്ടായിരുന്നോ” എന്ന ചോദ്യത്തിൽ അയാളുടെ അലോസരമുണ്ട്. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനുള്ള ത്വരയുണ്ട്. പുരുഷൻ എന്ന അധികാരത്തെ ഉപയോഗിക്കാൻ ഉള്ള ശ്രമമുണ്ട്, പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞ് പാസീവ് ഒബ്സേർവർ ആകാൻ ഉള്ള ആഗ്രഹമുണ്ട്.
മാല തിരിച്ചു കിട്ടണം, മോഷണം സ്ഥാപിക്കണം, അഭിമാനം വീണ്ടെടുക്കണം എന്ന ശ്രീജയുടെ നിർബന്ധത്തിനു വഴങ്ങാനും സ്വന്തം കാഴ്ചപ്പാടുകളെ തിരുത്താനും പ്രസാദിനു കഴിയുന്നു.

മോഷണം

എന്താണു കള്ളൻ മോഷ്ടിച്ചത് എന്ന വിഷയം ഇവിടെ കടന്നുവരുന്നു. മാലയോടൊപ്പം അയാൾ അവരുടെയെല്ലാം ഐഡന്റിറ്റികളെക്കൂടിയാണ് മോഷ്ടിക്കുന്നത്. പ്രസാദിന്റെ പേരു, കളവുപറയുന്നത് തെറ്റാണെന്ന ശ്രീജയുടെ ഡിഗ്നിറ്റി എന്നിവ. ഒപ്പം ശ്രീജയും പ്രസാദും മുതൽ പോലീസുകാരിൽ ഓരോരുത്തരും കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി തെറ്റുകളിൽ ഏർപ്പെടുന്നു.

വ്യവസ്ഥിതി

ഹയറാർക്കി – അധികാരത്തിന്റെ വിവിധശ്രേണികളായി പൊലീസിനെ അവതരിപ്പിക്കുന്നു. അവിടെ എല്ലാവരും അധികാരം പ്രയോഗിക്കാനും അതേ സമയം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനും ബദ്ധശ്രദ്ധരാണ്. എഫൈആർ രജിസ്റ്റർ ചെയ്യാതെ ഒഴിയാൻ ഉള്ള ശ്രമങ്ങൾ. കള്ളൻ രക്ഷപ്പെടുകയും തൊണ്ടിമുതൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസരങ്ങളിൽ എല്ലാം ഉത്തരവാദിത്വം തൊട്ടുകീഴെ ഉള്ള ഉദ്യോഗസ്ഥരിലേയ്ക്ക് കൈമാറാൻ ഓരോരുത്തരും ശ്രമിക്കുന്നു. അതേ സമയം നീതിയെക്കുറിച്ച് ചില ധാരണകൾ ഉണ്ട് താനും. പ്രതി രക്ഷപ്പെട്ടതിനു തനിക്ക് ഉത്തരവാദിത്വമില്ല എന്ന് പറയുന്ന എസൈ തന്നെ തൊണ്ടിമുതൽ നഷ്ടപ്പെടുമ്പോൾ കോൺസ്റ്റബിളിന്റെ ജോലി രക്ഷിക്കാൻ ശ്രമിക്കുന്നു.

പരാതിക്കാരെയും പ്രതിയെയും മാനുപുലേറ്റ് ചെയ്യുന്ന അലൻസിയറുടെ കോൺസ്റ്റബിൾ ആകട്ടെ മറ്റുള്ളവരുടെ മാനിപ്പുലേഷനു സദാസമയം വിധേയനുമാണ്. എഫൈയാർ രജിസ്റ്റർ ചെയ്യാതിരിക്കാനും ചെയ്യുമ്പോൾ തെഫ്റ്റിനു പകരം റോബറി ചാർജ് ചെയ്യാനും ഉള്ള തീരുമാനങ്ങൾ അയാളുടെ സ്വന്തമല്ല. പക്ഷെ കുടുങ്ങുന്നതെപ്പോഴും അയാളാണ് താനും.

കള്ളൻ എന്ന നിഗൂഢത

കള്ളനെ പറ്റി സിനിമ ഒരിക്കലും വിശദമായി ഒന്നും പറയുന്നില്ല. പകരം അയാളുടെ പശ്ചാത്തലത്തെപ്പറ്റി സജസ്റ്റ് ചെയ്യുന്നേയുള്ളൂ. പേർ, ജാതി, മതം ഒന്നും വ്യക്തമല്ല. He’s an unreliable narrator. അയാളെപ്പറ്റി അയാൾ പറയുന്നത് ഒന്നും വിശ്വസനീയമല്ല. സംഭവങ്ങളിൽ നിന്നും കാഴ്ചക്കാരൻ മനസിലാക്കി എടുക്കുക എന്നാണ് സിനിമയുടെ നയം. വിശപ്പിനെപ്പറ്റി പറയുന്നതിൽ നിന്നും തെരുവിൽ വളർന്ന അനാഥൻ എന്ന സൂചനയുണ്ട്. ചാർജ് ഷീറ്റിലെ ചാർജുകൾ വായിക്കാൻ പറ്റുന്നില്ല. ശ്രീജയ്ക്ക് എഴുതുന്ന കത്ത് എഴുതിക്കുന്നതാണ്. എഴുത്തും വായനയും വശമില്ല എന്ന് മനസിലാക്കാം. But he’s bloody streetsmart. സർവൈവലാണ് അയാളുടെ ജീവിതവും ലക്ഷ്യവും. എഫൈയാറും തെഫ്റ്റും റോബറിയും കോർട്ട് പ്രൊസീഡിങ്ങുമെല്ലാം അയാൾക്ക് വ്യക്തമായി അറിയാം. അയാളുടെ പുറത്ത് കുത്തേറ്റ പാടുണ്ട് (his own version about it , that was an accident, is a lie in all probability). ചെറുപ്പത്തിൽ വയലൻസിനിരയായിട്ടുണ്ട്. അങ്ങനെ ആയിരിക്കണം survival tactics അയാൾ പഠിച്ചത്. ഉത്സവപ്പറമ്പിൽ അടിപൊട്ടാൻ പോകുന്നതിന്റെ തൊട്ടു മുമ്പുള്ള നിമിഷം അയാൾ തിരിച്ചറിയുന്നു. അതായത് മഹേഷ് ഭാവനയുടെ ആന്റിതീസീസ് ആണ് കള്ളൻ പ്രസാദ്. സുരക്ഷിതമായ ഒരു ചുറ്റുപാടിൽ വളർന്ന മഹേഷിനു നേരെ എതിരായി പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടു വളർന്ന സ്റ്റ്രീറ്റ് സ്മാർട്നെസ് ആണ് കള്ളൻ പ്രസാദിന്. ആദ്യത്തെ തവണ വെളിക്കിരുത്താൻ കൊണ്ടുപോയപ്പോൾ തന്നെ തന്റെ എസ്കേപ് റൂട്ട് അയാൾ നോക്കി വെക്കുന്നത് കാണാം.

മാർക്സിയൻ സാമൂഹ്യബന്ധങ്ങൾ

രണ്ട് മനുഷ്യർ തമ്മിൽ ചെറിയ തർക്കം ഉന്തിലും തള്ളിലും കലാശിച്ചത് പരിഹാരത്തിനായി പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു രംഗം. ഒരു കമ്പനിയുടെ മൊബൈൽ ടവർ തന്റെ പറമ്പിൽ സ്ഥാപിച്ച് ചെറിയ അധികവരുമാനം നേടാം എന്ന് ഒരാൾ കരുതുന്നു. ( supposedly) പാരിസ്ഥിതിക പ്രത്യാഘാതമോർത്ത് അയാൾ അത് വേണ്ടെന്ന് വെയ്ക്കുന്നു. അയാളുടെ അയൽക്കാരൻ അവസരം മുതലാക്കി ടവർ സ്വന്തം പറമ്പിലാക്കുന്നു, താമസം വേറെ വീട്ടിലാക്കുന്നു. ആദ്യത്തെയാളുടെ പരാതി ‘ഇപ്പൊ വരുമാനം മൊത്തം അയാൾക്കും റേഡിയേഷൻ മൊത്തം എനിക്കും ‘ എന്നാണ്. (മൊബൈൽ ടവർ ശരിക്കും പാരിസ്ഥിതിക അപകടമാണോ എന്നത് ഇവിടെ വിഷയത്തിനു പുറത്താണ്).

മൂലധനം ഇന്ന് മനുഷ്യരോട് ചെയ്യുന്നത് ഇതാണ്. ബംഗാളിൽ ഒരു കാർഫാക്റ്ററി സ്ഥാപിക്കാൻ സർക്കാർ പരമാവധി സഹായം ചെയ്തില്ലെങ്കിൽ ഗുജറാത്ത് അത് ചെയ്യും. കേരളം മുൻ പിൻ ചിന്തിക്കാതെ വിഴിഞ്ഞം പദ്ധതി അപ്രൂവ് ചെയ്തില്ലെങ്കിൽ തമിഴ്‌നാട് അത് കൊണ്ടുപോകും എന്നതാണ് ഭീഷണി. ഇവിടെ കോമൺ ഇന്ററസ്റ്റ് എന്നത് ചിന്തിക്കാൻ മനുഷ്യർക്ക് അവകാശമില്ല. ന്യൂക്ലിയാർ പ്ലാന്റായാലും തുറമുഖമായാലും അതിന്റെ തിന്മയും നന്മയും ഒരുമിച്ച് അനുഭവിക്കേണ്ടവരാണ് കേരളത്തിൽ ഉള്ളവരും തമിഴ്നാട്ടിൽ ഉള്ളവരും. കേരളത്തിൽ പ്രകൃതിനശീകരണം നടന്നാൽ തമിഴ്നാടിനു കൂടെ ഭീഷണിയാണ്, തിരിച്ചും. പദ്ധതികൾ കൊണ്ടുള്ള ഗുണവും ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും അവകാശപ്പെട്ടതാകണം, അതാണ് ശരി. അല്ലെങ്കിൽ തന്നെ കേരളത്തിൽ ഉള്ളവർ തൊഴിലിനു ചെന്നൈയിലും കോയമ്പത്തൂരും പോകുമ്പോൾ തമിഴ്നാട്ടുകാർ പല ആവശ്യങ്ങൾക്കും കേരളത്തിലും താമസത്തിനെത്തുന്നു. പരസ്പരസഹകരണമുണ്ടാകേണ്ടിടത്ത് അനാവശ്യമായ പരസ്പരമൽസരമാണ് ഉണ്ടാകുന്നത്. ഗ്ലോബലൈസേഷനു ശേഷം ഇത് വർദ്ധിക്കുകയാണ് ചെയ്യുന്നത്. മൂലധനത്തിനു സ്വന്തം താല്പര്യങ്ങൾ നടക്കണമെന്നേയുള്ളൂ. മനുഷ്യർ സഹകരിക്കുന്നതിനു പകരം സദാ മൽസരത്തിൽ ഏർപ്പെടുന്നതാണ് അതിനു സൗകര്യം. നമ്മളതിനു തഞ്ചത്തിൽ നിന്നു കൊടുക്കുകയും ചെയ്യുന്നു.

സാങ്കേതികവിദ്യയുടെ പെട്ടെന്നുള്ള കടന്നുവരവോടെ സോഷ്യൽ റിലേഷൻഷിപ്പുകളിൽ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ഇവിടെ പ്രകടമാണ്
. ഈ രംഗത്തിൽ മൂലധനം ഒരു അദൃശ്യസാന്നിധ്യമായി മാത്രം പ്രത്യക്ഷപ്പെടുന്നു. മൊബൈൽ കമ്പനി ഒരിക്കലും സ്റ്റേഷനിൽ എത്തുന്നില്ല.

ചിത്രശലഭ പ്രഭാവം ( the butterfly effect)

മഹേഷിൽ പരീക്ഷിച്ചു വിജയിച്ച ബട്ടർഫ്ലൈ എഫക്റ്റ് ഈ സിനിമയിലും കടന്നുവരുന്നു. പ്രസാദ് രാത്രി മഞ്ഞത്ത് നാടകം കാണാൻ പോയില്ലായിരുന്നെങ്കിൽ, ജലദോഷം പിടിച്ചില്ലായിരുന്നെങ്കിൽ, മെഡിക്കൽ ഷോപ്പിൽ പോകില്ലായിരുന്നു. ശ്രീജയെ കാണില്ലായിരുന്നു. ബാക്കി കഥകൾ ഒന്നും ഉണ്ടാകില്ലായിരുന്നു.