തെലങ്കാനയിലും ബിജെപിക്കെതിരെ അഴിമതി ആരോപണം; വെങ്കയ്യ നായിഡുവിന്റെ കുടുംബം കോടികളുടെ അഴിമതി നടത്തി

single-img
25 July 2017

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഉയര്‍ന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തിനു പിന്നാലെ ബിജെപിയെ പിടിച്ചുലക്കുന്ന പുതിയ അഴിമതിക്കഥകള്‍ പുറത്തുവരികയാണ്. തെലങ്കാനയില്‍ നിന്നാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിനും കുടുംബത്തിനുമെതിരെയാണ് ഗുരുതരമായ അഴിമതി ആരോപണം.

തെലങ്കാന സര്‍ക്കാര്‍ 2014ല്‍ പൊലീസ് വാഹനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 270 കോടി രൂപയുടെ ഇടപാട് നടത്തിയതില്‍ വെങ്കയ്യനായിഡുവിന്റെ മകന്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. വെങ്കയ്യനായിഡുവിന്റെ മകന്റെ സ്ഥാപനമായ ഹര്‍ഷ ടൊയൊട്ടയാണ് കുറച്ച് വാഹനങ്ങള്‍ നല്‍കിയത്. ബാക്കിയുള്ള വാഹനങ്ങള്‍ നല്‍കിയത് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകന്റെ ഡീലര്‍ഷിപ്പ് കമ്പനിയും.

ഇതില്‍ ഒരു തരത്തിലുള്ള ടെന്‍ഡര്‍ നടപടികളും നടത്താതെ അധികാരത്തിന്റെ തണലിലാണ് ഇവര്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൂടാതെ തെലങ്കാന, മധ്യപ്രദേശ് സര്‍ക്കാരുകളുടെ സഹായത്തോടെ നായിഡുവും മക്കളും കുടുംബ ട്രസ്റ്റിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ആരോപണമുണ്ട്. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ വെങ്കയ്യനായിഡു ഈ ആരോപണം നിഷേധിച്ചു. സര്‍ക്കാരും ടൊയോട്ട കമ്പനിയും നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ഇപ്പോള്‍ നടക്കുന്നത് വ്യാജ ആരോപണമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു. വെങ്കയ്യനായിഡുവിന്റെ മകള്‍ക്കെതിരെയും കോണ്‍ഗ്രസ് അഴിമതി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മകള്‍ നടത്തുന്ന സ്ഥാപനം ഹൈദരാബാദ് മെട്രോപോളിറ്റന്‍ സൊസൈറ്റിക്ക് നല്‍കേണ്ട 2 കോടി രൂപ ഇളവ് ചെയ്തു കൊടുത്തു എന്നാണ് ആരോപണം