യുവനടി നനഞ്ഞിടം കുഴിക്കുന്നുവെന്ന് ലാല്‍: ‘അഭിനയം മോശമായിരുന്നു, പിന്നെന്തിന് പണം നല്‍കണം?

single-img
25 July 2017

കൊച്ചി: ജീന്‍ പോള്‍ ലാലിന്റെ കേസില്‍ പ്രതികരണവുമായി പിതാവും നടനുമായ ലാല്‍. പരാതിക്കാരി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു. ചിത്രത്തില്‍ നടിയുടെ അഭിനയം മോശമായിരുന്നെന്നും അതിനാലാണ് പറഞ്ഞു വിട്ടതെന്നും ലാല്‍ വ്യക്തമാക്കി.

ഒരു സീനില്‍ മാത്രം അഭിനയിക്കാന്‍ എത്തിയതാണ് പരാതിക്കാരിയായ ആ നടി. അവരുടെ പെരുമാറ്റവും മോശമായിരുന്നു. അഭിനയം മോശമായ നടിക്ക് പിന്നെ എന്തിനാണ് പണം നല്‍കുന്നതെന്ന് ലാല്‍ ചോദിച്ചു. നടി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കുകയാണെന്നും ലാല്‍ പറഞ്ഞു.

ലാലിന്റെ വാക്കുകള്‍

‘ഒട്ടും പ്രൊഫഷണലായിട്ടുള്ള കുട്ടിയല്ല അവര്‍. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്. 50,000 രൂപ പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞിരുന്നു. അഭിനയം ഒട്ടും നല്ലതായിരുന്നില്ല. സിനിമയ്ക്കായി കയ്യില്‍ താല്‍ക്കാലിക ടാറ്റൂ കുത്തണമായിരുന്നു. അതിനോടും പോസിറ്റീവായല്ല പ്രതികരിച്ചത്. ശ്രീനിവാസന്റെയും ലെനയുടെയും ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതിനായി കുറച്ചുനേരം കാത്തിരുന്നപ്പോള്‍ത്തന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു.

ഇതിനിടെ ശ്രീനാഥ് ഭാസിയുമൊത്തുള്ള സീന്‍ എടുത്തു. പിന്നെ കാറില്‍ ഈ പെണ്‍കുട്ടി വന്നിറങ്ങുന്ന രംഗമാണ് എടുക്കേണ്ടിയിരുന്നത്. ഇതിനായി വരാന്‍ പറഞ്ഞപ്പോള്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നു പറഞ്ഞു. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നയാളാണ് കംഫര്‍ട്ടബിള്‍ അല്ല, ഇപ്പോ ഷൂട്ടിങ് പറ്റില്ലെന്നു പറഞ്ഞത്.

ചിത്രീകരണവുമായി ബന്ധപ്പെട്ട് ടെന്‍ഷനിലായിരുന്ന സംവിധായകന്‍ ജീന്‍ പോളിന് ഇതുകേട്ടപ്പോള്‍ ദേഷ്യം വന്നു. യുവതിയോടു പോയ്‌ക്കോളാന്‍ ജീന്‍ പറഞ്ഞു. ഇക്കാര്യം അസിസ്റ്റന്റ് ഡയറക്ടര്‍ യുവതിയെ അറിയിച്ചു. ഇതുകേട്ടതും അവര്‍ ബാഗെടുത്ത് അപ്പോള്‍ത്തന്നെ സെറ്റില്‍നിന്നു പോയി.

സെറ്റില്‍ ഇങ്ങനെ പെരുമാറിയ യുവതിക്ക് പണം കൊടുക്കേണ്ടെന്നു ഞാനാണ് പറഞ്ഞത്. സിനിമ ഇറങ്ങിയിട്ട് കുറെ മാസങ്ങളായി. ഒരു മാസം മുന്‍പാണ് വക്കീല്‍ നോട്ടീസ് വന്നത്. പൊലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചു. യഥാര്‍ഥ തിരക്കഥയും യുവതി അഭിനയിക്കാതെ പോയതുകാരണം തിരുത്തിയ തിരക്കഥയും പൊലീസിനെ കാണിച്ചു. യുവതി പകുതി അഭിനയിച്ചുനിര്‍ത്തിപ്പോയ രംഗങ്ങളും പൊലീസ് കണ്ടു. ഈ പെണ്‍കുട്ടി പോയശേഷം മറ്റൊരാളെ വച്ചാണ് ബാക്കി ഭാഗം മാറ്റി ഷൂട്ട് ചെയ്തത്.

കൊച്ചിയിലെ ഹോട്ടല്‍ റമദയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുതിയ നടിക്കായി ശ്രീനിവാസനെപ്പോലെയുള്ള നടന്‍മാരോടു പിറ്റേദിവസം വരാന്‍ പറയുന്നത് സാധിക്കുന്ന കാര്യമല്ല. മാത്രമല്ല വലിയ സാമ്പത്തികച്ചെലവുമുണ്ട്. നടിയുടേത് അനാവശ്യമായ പരാതിയാണ്. ഈ പരാതിയെ പിന്‍തുണച്ചാല്‍ ന്യായം അര്‍ഹിക്കുന്നവര്‍ക്കു കിട്ടാതെ വരും. ജീന്‍ ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആളാണ്. ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങളെ അറിയുന്ന എല്ലാവര്‍ക്കും അതറിയാം.

10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. ജീന്‍ പോളും ശ്രീനാഥും ടിവിയില്‍ വന്നു മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതൊന്നും യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ എന്തും പറയാമെന്ന സ്ഥിതിയാണ്. സെന്‍സേഷണലാകും എന്നറിയാം. അനാവശ്യമായ പരാതിക്കു പിന്നില്‍ ആരുമില്ലെന്നാണു കരുതുന്നത്. എന്നാല്‍ പ്രവചിക്കാനൊന്നും താന്‍ ആളല്ലന്നും ലാല്‍ വ്യക്തമാക്കി.

നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പനങ്ങാട് പൊലീസാണ് ജീന്‍ പോളിനെതിരെ കേസെടുത്തത്. നടന്‍ ശ്രീനാഥ് ഭാസി, സിനിമാ അണിയറപ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.

ഹണിബീ2 സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലമായി സംസാരിച്ചെന്നുമാണ് എറണാകുളം സ്വദേശിനിയായ നടിയുടെ പരാതി. 2016 നവംബര്‍ 16ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സി.ഐ രേഖപ്പെടുത്തി. അശ്ലീലസംസാരം, വഞ്ചാനകുറ്റം എന്നീ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.