യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്: വിമാനയാത്രയില്‍ 3000 ദീനാറില്‍ കൂടുതല്‍ കൈവശം വയ്ക്കരുത്

single-img
25 July 2017

കുവൈത്ത് സിറ്റി: വിമാനയാത്രയില്‍ 3000 ദീനാറിന് മുകളില്‍ കൈവശം വയ്ക്കുന്നവര്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന നിയമവുമായി കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് . കുവൈത്തിലേക്കു വരുന്നവരും കുവൈത്തില്‍ വിമാനമിറങ്ങുന്നവരുമായ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിയമം ബാധകമാണെന്നും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

3000 ദിനാര്‍ വരെ ഡിക്ലറേഷന്‍ ഇല്ലാതെ യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാം. മൂവായിരം ദിനാറില്‍ കൂടുതലുണ്ടെങ്കില്‍ പണത്തിന്റെ ഉറവിടം, ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കസ്റ്റംസ് വിഭാഗത്തോട് വെളിപ്പെടുത്തണം. ഇത്തരത്തില്‍ കസ്റ്റംസ് ഡിക്ലറേഷന്‍ നല്‍കി കൈവശം വെക്കാവുന്ന പണത്തിനു പരിധി നിശ്ചയിച്ചിട്ടില്ല. തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കിയത്.

അപരിചിതര്‍ നല്‍കുന്ന പാഴ്‌സലുകള്‍ സ്വീകരിക്കരുതെന്നും ലഗേജ് സൂക്ഷിക്കാന്‍ ഏല്‍പിച്ച് അപരിചിതര്‍ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്താണെന്ന് ഉറപ്പിക്കാതെ പരിചയക്കാരില്‍ നിന്നുപോലും പാഴ്‌സലുകള്‍ വാങ്ങരുതെന്നും നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാല്‍ മറ്റുള്ളവരുടെ സാധനങ്ങളാണെന്ന വാദം അംഗീകരിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വിമാനയാത്രയില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളെക്കുറിച്ചു കസ്റ്റംസ് വകുപ്പിന്റെ customs.gov.kw എന്ന വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് കസ്റ്റംസ് പബ്ലിക് റിലേഷന്‍ വകുപ്പ് അറിയിച്ചു .