റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു: ഉത്തരവാദിത്തം വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി

single-img
25 July 2017

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അധികാരമേറ്റെടുത്തശേഷം റാം നാഥ് കോവിന്ദ് പറഞ്ഞു. ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍ കലാം, പ്രണബ് മുഖര്‍ജി തുടങ്ങിയവര്‍ നടന്ന വഴിയിലൂടെ നടക്കാന്‍ സാധിക്കുന്നത് അഭിമാനകരമാണെന്നു റാം നാഥ് കോവിന്ദ് പറഞ്ഞു.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ പഴയ ഓര്‍മകള്‍ വീണ്ടും കയറിവരികയാണ്. ചെറിയൊരു ഗ്രാമത്തിലെ ചെറിയൊരു പശ്ചാത്തലത്തില്‍ നിന്നാണു താന്‍ വരുന്നത്. അതുകൊണ്ടു യാത്ര വളരെ വലുതായിരുന്നു. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനിയും പലതും നേടാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുഖ്യമന്ത്രിമാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, റാം നാഥ് കോവിന്ദിന്റെ അടുത്ത ബന്ധുക്കള്‍, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, ദേവഗൗഡ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ റാം നാഥ് കോവിന്ദും പത്‌നി സവിത കോവിന്ദും പുഷ്പാര്‍ച്ചന നടത്തി. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി.

സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിയും റാം നാഥ് കോവിന്ദും ഒരേ വാഹനത്തിലാണു രാഷ്ട്രപതി ഭവനില്‍നിന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി പാര്‍ലമെന്റ് മന്ദിരത്തിലേക്കു തിരിച്ചത്. പാര്‍ലമെന്റിലെത്തിയ ഇരുവരെയും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.