കാജല്‍ അഗര്‍വാളിന്റെ മാനേജറും പിടിയില്‍; മയക്കുമരുന്ന് മാഫിയയെ ‘പൂട്ടി’ പോലീസ്

single-img
25 July 2017

കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ റോണ്‍സണ്‍ ജോസഫിനെ മയക്കുമരുന്ന് വ്യാപാരം നടത്തിയതിന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണികോണ്ടയിലെ ജോസഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും എക്‌സൈസ് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ അകുന്‍ സബര്‍വാള്‍ പറഞ്ഞു.

റോണി എന്ന പേരില്‍ അറിയപ്പെടുന്ന ജോണി ജോസഫ്, സിനിമകളില്‍ എത്തിയകാലം മുതല്‍ കാജലിന്റെ മാനേജരായിരുന്നു. മയക്കുമരുന്നു കേസില്‍ ഇതുവരെ സിനിമാനടന്മാരും രാഷ്ട്രീയക്കാരും ബിസിനസുകാരുമായി ഒരു വന്‍ പട്ടിക തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

തെലുങ്ക് താരങ്ങളായ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാന്‍, ചാര്‍മി തുടങ്ങിയവര്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ ദിവസം പിടിയിലായ ഒരാളില്‍ നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്കെതിരെ നോട്ടീസ് അയച്ചത്.