Latest News

എന്തെങ്കിലും പരാതിയുണ്ടോയെന്ന് ജഡ്ജി; ഇല്ലെന്ന് ദിലീപ്: റിമാന്‍ഡ് ഓഗസ്റ്റ് എട്ടുവരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയതിനാല്‍ സ്‌കൈപ്പ് വഴിയാണ് കോടതി നടപടികള്‍ നടന്നത്.

എന്തെങ്കിലും പരാതിയുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇല്ല എന്ന് ദിലീപ് മറുപടി നല്‍കി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെ താരത്തെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍, സുരക്ഷ മുന്‍നിറുത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ പൊലീസ് മജിസട്രേട്ടിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിംഗിന് അനുമതി നല്‍കിയത്. ഒപ്ടിക്കല്‍ ഫൈബര്‍ സംവിധാനം ഇല്ലാത്തതിനാല്‍ സ്‌കൈപ്പ് വഴിയാണ് കോടതി നടപടികള്‍ നടന്നത്.

കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന് പിന്നില്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണെന്നാണ് സൂചന.

അതേസമയം കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താന്‍ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകള്‍ തന്നെയായിരുന്നു. രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാംപ്രതി സുനില്‍കുമാറിനെ അറിയുകയേ ഇല്ലെന്നു ദിലീപ് പറഞ്ഞത് വിനായായി. ഇവര്‍ തമ്മിലെ ബന്ധം വിശദീകരിക്കാന്‍ നിരവധി തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. ഇത് പരിശോധിച്ച ഹൈക്കോടതിക്ക് കാര്യങ്ങള്‍ മനസ്സിലാക്കുകയായിരുന്നു.

കൊച്ചിയിലെ ഹോട്ടലില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ദിലീപ് സുനില്‍കുമാറിനെ കണ്ടുവെന്നാണ് കണ്ടെത്തല്‍. കൃത്യം നടത്താന്‍ നിര്‍ദേശിച്ചു വന്‍തുക വാഗ്ദാനം ചെയ്തതു ഹോട്ടല്‍ മുറിയില്‍ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരില്‍ മുറി ബുക്ക് ചെയ്തതിനു ഹോട്ടല്‍ രേഖകളും അഞ്ചിടങ്ങളില്‍ പ്രതികള്‍ ഒന്നിച്ചെത്തിയതിനു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും കോള്‍ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷകര്‍ തെളിവുകളും ശേഖരിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രില്‍ 20നു ദിലീപ് പരാതി നല്‍കിയതു തന്റെ പേരു പള്‍സര്‍ സുനി വെളിപ്പെടുത്തുന്നതു മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നു. സുനില്‍കുമാര്‍ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തല്‍. ഗുഢാലോചനയെക്കുറിച്ചു സുനില്‍കുമാര്‍ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലില്‍ ഒളിച്ചുകടത്തിയ മൊബൈല്‍ വഴി സുനില്‍കുമാര്‍ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിന്‍ ബോക്‌സ് ലൈന്‍ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലര്‍ വഴി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

കുറ്റകൃത്യം നടത്തിയ ഉടന്‍ സുനില്‍ കൂട്ടുപ്രതികള്‍ക്കൊപ്പം മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ കൂട്ടാളികള്‍ക്കു കൈമാറാന്‍ ശ്രമിച്ചതായും രേഖകളുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാന്‍ ലൈംഗികാതിക്രമ ക്വട്ടേഷന്‍ നല്‍കിയതു ക്രിമിനല്‍ നിയമചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു.

ഈ മാസം 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചു എന്നാണ് വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ചശേഷമാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞിരിക്കുന്നത്. അന്വേഷണം പൂര്‍ത്തായാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.