ഞാന്‍ അവിവാഹിതയായ യുവതിയാണ്; ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്‌ നടക്കുന്നതെന്നും നടി ചാര്‍മി

single-img
25 July 2017

ഹൈദരാബാദ്: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി കൗര്‍ ഹൈക്കോടതിയില്‍. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ നടപടികളില്‍ നിന്നും സംരക്ഷണം തേടിയാണ് ചാര്‍മി ഹൈക്കോടതിയെ സമീപിച്ചത്.

തനിക്ക് മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസ് എന്റെ ഭാവിയേയും കരിയറിനേയും എങ്ങനെ ബാധിക്കുമെന്ന് അറിയാം. മനപ്പൂര്‍വ്വം എന്റെ ജീവിതം തകര്‍ക്കാനുള്ള ഗുഡാലോചനയാണിതെന്നും ചാര്‍മി പറഞ്ഞു.

ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോള്‍ അഭിഭാഷകനെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണം. ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവ പരിശോധനയ്ക്കായി എടുക്കരുതെന്നും ചാര്‍മി ആവശ്യപ്പെട്ടു.

ചാര്‍മി അടക്കം 12 തെലുങ്ക് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ചാര്‍മിക്ക് പുറമെ രവി തേജ, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍, നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കുമാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. ഈ താരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.