മലപ്പുറത്ത് ബിജെപി ദേശീയ നേതാവിന്റെ ഗുണ്ടാ വിളയാട്ടം: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

single-img
25 July 2017

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബിജെപി ദേശീയ നേതാവ് അറസ്റ്റില്‍. കെ.ടി. റബീഹുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയ സംഭവത്തിലാണ് ബി.ജെ.പി. ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കളടക്കം ഏഴു പേര്‍ അറസ്റ്റിലായത്. അക്രമികള്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം തകര്‍ത്തു. ഗുരുക്കളെ കൂടാതെ ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ രാവിലെ ആറോടെ മൂന്നു വാഹനങ്ങളിലായാണ് ഹസന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘം ഈസ്റ്റ് കോഡൂരിലെ റബീയുള്ളയുടെ വീടിനുമുന്നിലെത്തിയത്. അടുത്ത ബന്ധുക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂവെന്നു പറഞ്ഞ് സുരക്ഷാ ജീവനക്കാരന്‍ ഇവരെ തടഞ്ഞു. എന്നാല്‍ രണ്ടുപേര്‍ മതില്‍ ചാടി അകത്തു കടന്നു.

വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ രണ്ടു വാഹനങ്ങളില്‍ രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ സംഘമെത്തിയ ഒരു കാറിന്റെ ചില്ല് നാട്ടുകാര്‍ എറിഞ്ഞുതകര്‍ത്തു. വീട്ടില്‍ ചികിത്സയിലുള്ള റബീയുള്ളയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടോയെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നായി പിടികൂടിയ പ്രതികളെ രാത്രി മലപ്പുറത്തെത്തിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നീ കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
പ്രതികളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

സംഭവത്തില്‍ റബീഹുള്ളയുടെ ഭാര്യ ഷഹ്‌റാബാനുവില്‍നിന്ന് മലപ്പുറം ഡിവൈ.എസ്.പി. മൊഴിയെടുത്തു. മലപ്പുറം പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എ. പ്രേംജിത്ത്, അഡീഷണല്‍ എസ്.ഐ കുഞ്ഞിമുഹമ്മദ്, പോലീസുകാരായ ഫിലിപ്പ്, അബ്ദുള്ളബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

റബീയുള്ളയെക്കുറിച്ചു മാസങ്ങളായി യാതൊരു വിവരവുമില്ലെന്നു സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചാരണം ശക്തമായിരുന്നു. വിഷയം ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം റബീയുള്ള ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് മാസങ്ങളായി ചികിത്സയിലാണെന്നും അല്‍പ്പദിവസത്തിനകം വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളെല്ലാം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി. ഇപ്പോള്‍ കോഡൂരിലെ വസതിയിലാണെന്ന ശബ്ദശകലവും പോസ്റ്റ് ചെയ്തിരുന്നു.