Kerala

ബിജെപി നേതാക്കളുടെ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കഥകള്‍ വെളിപ്പെടുത്തുന്ന കത്ത് പുറത്ത്

ിരുവനന്തപുരം: അഴിമതിക്കഥകളുടെ തുടര്‍ച്ചയിലൂടെ പ്രതിസന്ധി വിട്ടൊഴിയാതെ ബിജെപി. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന അഴിമതിയാരോപണങ്ങളിലൂടെ വെട്ടിലായിരിക്കുന്ന ബിജെപി കേരള ഘടകത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാര്‍ട്ടി നേതാക്കള്‍ മറിച്ച കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ വെളിപ്പെടുത്തുന്ന കത്താണിപ്പോള്‍ പുറത്തായിരിക്കുന്നത്.

‘അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടി നേതൃത്വം, തലക്കുനിച്ച് പ്രവര്‍ത്തകര്‍ പൊതുസമൂഹത്തില്‍’ എന്ന തലക്കെട്ടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തില്‍ സംസ്ഥാനത്തുടനീളമായി നേതാക്കള്‍ നടത്തിയ നിരവധി അഴിമതിക്കഥകള്‍ എണ്ണിയെണ്ണി പറയുന്നു. നേതാക്കളാരെന്ന് നേരിട്ട് പറയാതെ വ്യക്തമായ സൂചന നല്‍കിയാണ് അഴിമതി ആരോപണങ്ങള്‍ കത്തില്‍ ഉന്നയിക്കുന്നത്.

‘കോടികളില്‍ കുറഞ്ഞതൊന്നും നേതാക്കള്‍ തൊടില്ല’ എന്ന് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നതു പോലത്തന്നെ പുറത്തു വിട്ടിരിക്കുന്നതെല്ലാം കോടികള്‍ വച്ചുള്ള തിരിമറികളാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കെട്ടിട സമുച്ചയത്തിന് നികുതി ഇളവ് നേടിക്കൊടുക്കാന്‍ തിരുവനന്തപുരത്തെ ചില ജില്ലാ നേതാക്കളും കൗണ്‍സിലറും കോടികള്‍ കൈക്കൂലി വാങ്ങിയതായി കത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറിക്കെതിരേയും കോടികളുടെ ആരോപണമുണ്ട്.

കഴക്കൂട്ടത്ത് മത്സരിച്ച പ്രമുഖ നേതാവ് തിരഞ്ഞെടുപ്പ് സമയത്ത് തലസ്ഥാനത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇപ്പോള്‍ അഞ്ചു സ്റ്റാഫുകളുമായി സമാന്തര സംസ്ഥാന കമ്മറ്റി ഓഫീസാക്കി പ്രവര്‍ത്തിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. ഇതിന് ഒരു മാസം ഏകദേശം രണ്ടര ലക്ഷം രൂപ ചിലവ് വരും. ഈ നേതാവിന് കോഴിക്കോട് സ്ഥലവും കെട്ടിടവും ഉണ്ടെന്ന് കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് നൂതന തന്ത്രവുമായി മാരാര്‍ജി ഭവന്റെ പടിക്കലെത്തിയ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ പ്രധാന സെക്രട്ടറിയാണ്. പാര്‍ട്ടിയിലെ ഏക വനിതാ ജനറല്‍ സെക്രട്ടറി വന്‍ സാമ്പത്തിക ക്രമക്കേടുമായി മുന്നേറുകയാണ്. ഇവര്‍ ഇതിനകം കാല്‍കോടിയോളം വിലയുള്ള ആഡംബര വാഹനം സ്വന്തമാക്കി. ഇവരെ ബിനാമി ഇടപാടില്‍ സഹായിക്കാന്‍ ഭര്‍ത്താവും രംഗത്തുള്ളതായി കത്തില്‍ ആരോപിക്കുന്നു.

ചാനല്‍ ചര്‍ച്ചയിലെ പ്രാസംഗികനായ ഒരു സംസ്ഥാന സെക്രട്ടറി സാമ്പത്തിക കാര്യത്തില്‍ പുലിയാണെന്നാണ് കത്തില്‍ പറയുന്നത്. 2011 ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോള്‍ തനിക്ക് 24 ലക്ഷത്തിന്റെ ആസ്തിയും 4,90,000 രൂപയുടെ ബാധ്യതയുമുണ്ടെന്നുമായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് വീണ്ടും മത്സരിച്ചപ്പോള്‍ കോടികളുടെ ആസ്തിയുണ്ടെന്നും ബാധ്യതകളില്ലെന്നും സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ ഇയാള്‍ക്ക് 80 കോടിയുടെ ആസ്തിയുണ്ടെന്നും കത്തില്‍ പറയുന്നു.

തൃശ്ശൂര്‍പാലക്കാട് ദേശീയ പാതയില്‍ ഒരു പ്രമുഖ ആശുപത്രിയിലെ രണ്ടു കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പാലക്കാട് ജില്ലയിലെ സംസ്ഥാന സെക്രട്ടറി കൈപ്പറ്റിയത് നാല് കോടി രൂപയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവ് അഞ്ചു കോടി മുടക്കി ബിനാമിയുടെ പേരില്‍ ടൈല്‍ ഫാക്ടറി വാങ്ങി.

ജില്ലയിലെ ഒരു സംസ്ഥാന നേതാവ് ബെംഗളൂരു, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടി. ഒരു യുവ നേതാവിന് കാസര്‍കോടും കോഴിക്കോടും നിരവധി ബിനാമി സ്വത്തുക്കളുണ്ട്. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയോട് പണം ചോദിച്ചതിന്റെ പേരില്‍ ഇയാളുടെ ഭാവി ഇപ്പോള്‍ തുലാസിലാണെന്നും കത്തില്‍ പറയുന്നു.

ചെറുതും വലുതുമായ മറ്റു നിരവധി ആരോപണങ്ങളും വിവിധ നേതാക്കള്‍ക്കെതിരായി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സംഘടനയെ ശുദ്ധീകരിച്ച് ശക്തീകരിക്കാന്‍ ഈ കത്ത് ഉപകരിക്കട്ടെയെന്നും അല്ലെങ്കില്‍ ബൂത്ത് തലം മുതല്‍ ‘സേവ് ബിജെപി ഫോറം’ മുളപൊട്ടുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.