ബീഹാര്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു: തേജസ്വിയോട് 72 മണിക്കൂറിനുളളില്‍ രാജിവെക്കാന്‍ നിതീഷ് കുമാറിന്റെ അന്ത്യശാസനം

single-img
25 July 2017

നിയമസഭാ സമ്മേളനം വെളളിയാഴ്ച തുടങ്ങാനിരിക്കെ ബീഹാര്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു. ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജി വെക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

72 മണിക്കൂറിനുളളില്‍ രാജിവെക്കണമെന്ന് നിതീഷ് തേജസ്വി യാദവിനോട് ആവശ്യപ്പെട്ടെന്നാണ് സൂചന. അഴിമതി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയിലെ രണ്ടാമനായി തുടരുന്നതില്‍ നിതീഷ് കുമാര്‍ എതിര്‍പ്പറിയിച്ചെന്നാണ് വിവരം.

നിതീഷിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് നാളെ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ലാലുപ്രസാദ് ആരോപിക്കുന്നത്.

എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപിയോടും മോഡിയോടും മൃദുസമീപനം തുടരുന്ന നിതീഷ് ഇത് മുഖവിലക്കെടുക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം തേജസ്വി പ്രസാദ് നിതീഷുമായി കൂടികാഴ്ച നടത്തിയിരുന്നു. രാജി ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു.