ആദായനികുതി അടയ്ക്കാന്‍ ഇനി ആധാര്‍ വേണ്ട

single-img
25 July 2017


ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ ആദായനികുതി അടയ്ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രീം കോടതി ശരിവച്ചിരുന്നു. പക്ഷേ ഇതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭാഗികമായി തടയുകയും ചെയ്തിരുന്നു.

ആധാര്‍ നമ്പറില്ലെങ്കിലും ആദായ നികുതി നല്‍കാമെന്ന് ജൂലായ് 9ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ നിലപാട് മാറ്റം. എന്നാല്‍ ഓണ്‍ലൈന്‍ വഴി ആദായ നികുതി അടയ്ക്കുമ്പോള്‍ ആധാര്‍ നമ്പര്‍ ഹാജരാക്കണം. ഇതിനും ഉടനെ മാറ്റമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂലായ് 31 ആണ് ആദായ നികുതി അടയ്‌ക്കേണ്ട അവസാന തീയതി.

‘പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആധാര്‍ നമ്പര്‍ ഇല്ല എന്നത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും ആരെയും അതിനു നിര്‍ബന്ധിക്കില്ലെന്നും’ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രജനീഷ് കുമാര്‍ പറഞ്ഞു.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത ഇല്ലാതാക്കാനായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. 2.07 കോടി നികുതി ദായകര്‍ ഇതിനകം പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചുകഴിഞ്ഞു. രാജ്യത്ത് 25 കോടി ആളുകള്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. 111 കോടി ജനങ്ങള്‍ ആധാര്‍ എടുത്തിട്ടുണ്ട്.

ആധാര്‍ കാര്‍ഡെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും ജനങ്ങളെ നിര്‍ബന്ധിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ആധാര്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു.