വിനായകന് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ശരീരത്തില്‍ ബൂട്ടിന് ചവിട്ടേറ്റതിന്റെ പാടുകള്‍

single-img
24 July 2017

കഴിഞ്ഞയാഴ്ച തൃശൂർ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. കാലിൽ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ച് പറിച്ചും അതിക്രൂരമായി വിനയകനെ പൊലീസ് മര്‍ദ്ദിച്ചതിന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് സാക്ഷിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റേഷനിലെ ക്രൂര പീഡനങ്ങള്‍ പ്രദേശത്തെ സിപിഎം ഏരിയാ സെക്രട്ടറിയോടും വിനായകന്‍ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകൻ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. മുടി വളർത്തിയതാണ് വിനായകൻ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകൻ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.