എം.ടി രമേശ് ‘നല്ലപിള്ള ചമയേണ്ടെന്ന്’ ബിജെപി: തെരഞ്ഞെടുപ്പ് ചെലവിന് വാങ്ങിയ 35 ലക്ഷത്തിന്റെ കണക്ക് ആവശ്യപ്പെട്ടു

single-img
24 July 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം. തെരഞ്ഞെടുപ്പ് ചിലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴുള്ള കണക്കാണ് ഹാജരാക്കാതിരുന്നത്.

ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ 87 ലക്ഷം രൂപയില്‍ 35 ലക്ഷം ചിലവഴിച്ചതിന്റെ കണക്കുകളാണ് രമേശ് ഹാജരാക്കാതിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് ടിആര്‍ അജിത് കുമാറിനേയും വിളിച്ചുവരുത്തും. അന്വേഷണം പ്രഖ്യാപിച്ചതോടെ പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായാണ് സൂചനകള്‍. ബിജെപിയും ആര്‍എസ്എസും സംയുക്തമായാന് അന്വേഷണം നടത്തുന്നത്.

നിലവില്‍ മെഡിക്കല്‍ കോളെജ് അഴിമതിയുമായി ബന്ധപ്പെട്ടും എം.ടി രമേശിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ രമേശ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പരാതിയിലും പാര്‍ട്ടി തന്നെ അന്വേഷണം നടത്തുന്നത്.