Movies

ത്രീഡിയിലും വിസ്മയമൊരുക്കി പുലിമുരുകന്‍

മികച്ച ആക്ഷന്‍ സ്വീക്കന്‍സുകള്‍ കോര്‍ത്തിണക്കി ‘പുലിമുരുകന്‍’ പ്രേക്ഷകന്റെ കണ്ണിലേക്ക് എറിഞ്ഞുകൊടുത്തപ്പോള്‍ കാണികള്‍ ആര്‍ത്തുവിളിച്ച് ഇതിനെ വരവേല്‍ക്കുമെന്ന് സംവിധായകന്‍ വൈശാഖ് രാജന്‍ ചിന്തിച്ചിരിക്കണം. അതുകൊണ്ട് തന്നെയാവാം മലയാളത്തിലെ മറ്റൊരു ആക്ഷന്‍ സിനിമയിലും കാണാത്ത രംഗങ്ങള്‍ ഒരുക്കാന്‍ ലോകപ്രശസ്ത ആക്ഷന്‍ കൊറിയോഗ്രഫര്‍ പീറ്റര്‍ ഹെയ്‌നെ വൈശാഖ് സമീപിച്ചതും.

വനാന്തരങ്ങളില്‍ പുരുഷാരങ്ങള്‍ മൃഗങ്ങളോട് പടവെട്ടുന്ന പലരംഗങ്ങളും മലയാളസിനിമയില്‍ ഇതിനുമുമ്പും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ‘അതുക്കും മേലെ ‘ എന്നു ചിത്രം കണ്ടിറങ്ങിയവരെ കൊണ്ട് പറയിക്കാന്‍ പുലിമുരുകനിലൂടെ സംവിധായകന് സാധിച്ചു. തുടര്‍ന്ന് നൂറുകോടിയും കടന്ന് 150 കോടി ക്ലബിലെത്തി ‘പുലിമുരുകന്‍’ തെറിക്കും മാസ്സായപ്പോള്‍ സിനിമപ്രേമികള്‍ മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തെ ചെറുതൊന്നുമല്ല നെഞ്ചിലേറ്റിയത്.

ചിത്രം റീലീസ് ചെയ്ത് 9 മാസം പിന്നിടുമ്പോള്‍ സിനിമയുടെ ത്രീഡി പതിപ്പിറക്കി പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുലിവേട്ടയ്‌ക്കൊരുങ്ങിയ കുട്ടിപുലിമുരുകന്‍ തൊട്ട് തണ്ടും തടിയുമെത്തിയ പുലിമുരുകന്റെ വേഷപ്പകര്‍ച്ചയിലേക്ക് സിനിമയും നായകനും വഴിമാറുമ്പോള്‍ ത്രീഡിയിലേക്ക് സിനിമയെ പറിച്ചുനട്ട് കാഴ്ചയില്‍ പുതിയൊരു വിരുന്നൊരുക്കുകയാണ് സംവിധായന്‍ .

പുലിയുമായുള്ള സംഘട്ടന രംഗങ്ങളില്‍ തന്നെയാവും തീര്‍ച്ചയായും പ്രേക്ഷകര്‍ ത്രീഡിയില്‍ പൂര്‍ണത ഏറ്റവും നന്നായി അനുഭവിക്കുക. ചിത്രം ത്രീഡിയില്‍ റിലീസ് ചെയ്തപ്പോള്‍ പുലിയുടെ നേരെ വേല്‍ (ശൂലം) എറിയുന്ന രംഗം പ്രേക്ഷകര്‍ ശ്വാസം അടക്കി പിടിച്ചായിരുന്നു തിയേറ്ററില്‍ കണ്ടത്.

മോഹന്‍ലാല്‍ എറിഞ്ഞ വേല്‍ നാനോസെക്കന്റിനുള്ളില്‍ സ്‌ക്രീന്‍ പിളര്‍ന്ന് പ്രേക്ഷകന്റെ ശരീരത്തിലേക്ക് പാഞ്ഞടുക്കുമ്പോള്‍ ശരിക്കും അവര്‍ കണ്ണടിച്ചിരുന്നു. മിഴി തുറന്ന് വീണ്ടും സ്‌ക്രീനില്‍ പരതുമ്പോഴേക്കും വേല്‍ പുലിയുടെ നെഞ്ച് പിളര്‍ന്നു. ദൃശ്യങ്ങളുടെ മിഴിവും പൂര്‍ണതയും തെല്ലും ചോരാതെ കാക്കുകയെന്ന വെല്ലുവിളി സംവിധായകനും അണിയറപ്രവര്‍ത്തകരും വിജയിച്ചത് നമുക്ക് ഇവിടെ കാണാന്‍ സാധിക്കും.

വി.എഫ്.എക്‌സ് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രം ത്രീഡിയിലെത്തിയപ്പോള്‍ പൂര്‍ണതയിലെത്തിയെന്നു തന്നെ പറയാം. കടുവയുമൊത്ത രംഗങ്ങളില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് എഫക്ട്‌സുകളും അല്ലാത്തതും തമ്മില്‍ പ്രേക്ഷകന് മനസ്സിലാകാത്ത വിധം ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നുവെന്നതും പ്രേക്ഷകരെ ആവേശത്തിന്റെ ഉത്തുംഗത്തിലെത്തിക്കുന്നു.

മുരുകന്റെ ഇടിയേറ്റ് വില്ലന്റെ കിങ്കരന്‍മാര്‍ നിലം തൊടാതെ പറക്കുന്ന സീനുകള്‍ ത്രീഡിയില്‍ അത്ഭുത കാഴ്ചയാണ്. മുരുകന്റെ സാങ്കേതിക തികവിലേക്ക് എത്തിനോക്കുന്ന ഏവര്‍ക്കും പിഴവുകള്‍ കണ്ടെത്താനാകുന്നില്ലയെന്നതും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ കഠിനാധ്വാനം എത്രമാത്രമായിരുന്നെന്ന് വിളിച്ചറിയിക്കുന്നു.