കാറിന്റെ ടയറുകളുടെ ബോള്‍ട്ട് ഇളക്കിമാറ്റി എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ആര്?: പിടി തോമസിനോട് വിരോധം ആര്‍ക്ക്?

single-img
24 July 2017

കൊച്ചി: പി.ടി തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമം. എം.എല്‍.എയുടെ കാറിന്റെ ടയറുകളുടെ ബോള്‍ട്ടുകള്‍ ഊരിമാറ്റിയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വഴിയാത്രക്കാരാണ് ടയര്‍ ഇളകിയത് ശ്രദ്ധിയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ നാല് ടയറിന്റേയും നട്ടുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സര്‍വീസ് സെന്ററില്‍ നിന്നും ആളുകള്‍ എത്തി പരിശോധിച്ചപ്പോള്‍ ബോധപൂര്‍വം നട്ടുകള്‍ ഇളക്കിയതാണെന്ന് വ്യക്തമായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ടൊയോറ്റയില്‍ ഈ കാര്‍ സര്‍വീസ് നടത്തിയത്. അതുകൊണ്ടുതന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് പി.ടി തോമസ് പറഞ്ഞു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി ഇതുസംബന്ധിച്ച് പരാതിയും നല്‍കി.

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ആളാണ് പി ടി തോമസ് എംഎല്‍എ. നടിക്കെതിരായ ആക്രമണം ഡിജിപിയെ വിളിച്ചറിയിച്ചത് പി ടി തോമസായിരുന്നു. നടി ഡിജിപിയോട് സംസാരിച്ചത് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നുമായിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ നിലവിലെ സംഭവമെന്ന് സംശയിക്കുന്നുണ്ട്.