രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് പടിയിറങ്ങും

single-img
24 July 2017

രാഷ്ട്രപതി എന്ന നിലയില്‍ ഇന്ന് പ്രണബ് മുഖര്‍ജിക്ക് അവസാന ദിനം. രാജ്യത്തിന്റെ 13ആം രാഷ്ട്രപതിയായി കാലാവധി പൂര്‍ത്തിയാക്കിയ പ്രണബ് മുഖര്‍ജി ഇന്ന് പടിയിറങ്ങും. അഞ്ചുവര്‍ഷം മുമ്പ് രാജ്യത്തിന്റെ പ്രഥമ പൗരനായി രാഷ്ട്രപതി ഭവനിലെത്തിയ 81കാരന് രാജാജി മാര്‍ഗിലെ 10ാം നമ്പര്‍ ഭവനത്തില്‍ ഇനി ശിഷ്ടകാല വിശ്രമം. ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രണബ് മുഖര്‍ജിക്ക് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു.

രാജ്യത്തിന്റെ 13 മത് രാഷ്ട്രപതിയായി 2012 ജൂലൈ 25നാണ് പ്രണബ് കുമാര്‍ മുഖര്‍ജി അധികാരമേറ്റത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തും നാല്‍പത് വര്‍ഷത്തിന് മേല്‍ പാര്‍ലമെന്റ് അംഗമായതിന്റെയും അനുഭവ സമ്പത്തുമായാണ് പ്രണബ് രാഷ്ട്രത്തിന്റെ പ്രഥമ പൗരനായത്.

രാഷ്ട്രപതി സ്ഥാനത്തിരുന്ന് മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖം പോലും നല്‍കാത്ത പ്രണബ് മുഖര്‍ജി എന്നാല്‍ അവശ്യഘട്ടങ്ങളിലെല്ലാം തന്റെ അഭിപ്രായം ജനങ്ങളോട് തുറന്നു പറഞ്ഞു. പാര്‍ലമെന്റ് തടസ്സപ്പെടുമ്പോഴും, ഓര്‍ഡിനന്‍സ് വഴി നയം നടപ്പാക്കുമ്പോഴും, അസഹിഷ്ണുത അഴിഞ്ഞാടുമ്പോഴും, ക്യാംപസുകളില്‍ സംവാദം തടസ്സപ്പെടുമ്പോഴും ഒക്കെ പ്രണബ് മുഖര്‍ജിയുടെ സ്വരം ഭരിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഉയര്‍ന്നു. എന്നാല്‍ ഒരിക്കല്‍ പോലും സര്‍ക്കാരുമായി പരസ്യ ഏറ്റുമുട്ടലിനോ ഭരണത്തിന്റെ വഴിയില്‍ പ്രതിസന്ധിയുണ്ടാക്കാനോ മുഖര്‍ജി ശ്രമിച്ചില്ല.

34ആം വയസ്സില്‍ അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ച് പാര്‍ലമെന്റ് അംഗമായ പ്രണബ് മുഖര്‍ജി തികച്ചും രാഷ്ട്രീയക്കാരനായ രാഷ്ട്രപതി തന്നെയായിരുന്നു. ഇത് ഒരു ആലങ്കാരിക പദവി മാത്രമല്ല എന്ന് പ്രണബിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഏറെ നാളായി കെട്ടിക്കിടന്ന 30 ദയാഹര്‍ജികള്‍ തള്ളിക്കൊണ്ട് മുഖര്‍ജി തീര്‍പ്പുകല്‍പിച്ചു. വിദേശയാത്രകളോട് വലിയ താലപര്യം രാഷ്ട്പതി സ്ഥാനത്ത് എത്തിയ ശേഷം പ്രണബ് പ്രകടിപ്പിച്ചില്ല.

എന്നാല്‍ ഇന്ത്യയ്ക്കത്ത് എല്ലാ സംസ്ഥാനങ്ങളിലേക്കും പല വട്ടം പ്രണബ് മുഖര്‍ജി എത്തി. രാഷ്ട്രപതി ഭവന്‍ എറെ സജീവമായ അഞ്ചുവര്‍ഷത്തിനാണ് ഇന്നു തിരശ്ശീല വീഴുന്നത്. പുതിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ അധികാരമേല്‍ക്കും. സത്യപ്രതിജ്ഞക്ക് മുമ്പ് രാഷ്ട്രപതി ഭവനിലെത്തി രാം നാഥ് കോവിന്ദ് പ്രണബ് മുഖര്‍ജിയെ കാണും. ഇരുവര്‍ക്കും അംഗരക്ഷകര്‍ ഒരുമിച്ചു സല്യൂട്ട് നല്‍കും.