ഗ്യാസ്ട്രബിളിന് ഉടനടി പരിഹാരം

single-img
24 July 2017

ഗ്യാസ്ട്രബിളിനെ പലപ്പോഴും നമ്മള്‍ നിസ്സാരവല്‍ക്കരിച്ചാണ് കാണുന്നത്. അത് അപകടകരമാണ്. സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിനെ ഗൗരവമായിതന്നെ കാണേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പാനിയങ്ങളും ദഹനമില്ലായ്മയും മാത്രമല്ല ഗ്യാസ്ട്രബിളിന്റെ കാരണങ്ങള്‍.

ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന നെഞ്ചുവേദനയും ഹൃദയസംബന്ധമായ നെഞ്ചുവേദനയും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഗ്യാസ്ട്രബിള്‍ സ്ഥിരമായി അനുഭവപ്പെടുന്നവര്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നത് നന്നായിരിക്കും.

നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കില്‍ അത് ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിനു കാരണമാകും. പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവ ഗ്യാസ്ട്രബിളിന് കാരണമായേക്കാം. നെഞ്ചരിച്ചില്‍, പുളിച്ചുതികിട്ടല്‍, തലയ്ക്കു ഭാരം തോന്നുക, ഉദരസ്തംഭനം അനുഭവപ്പെടുക, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍

ഗ്യാസ്ട്രബിളിന് പരിഹാരങ്ങള്‍ ഇവയാണ്.

1. വെളുത്തുള്ളി ചതച്ചനീരും ചെറുനാരങ്ങനീരും സമാസമം എടുത്ത് രാവിലെയും രാത്രിയിലും ഭക്ഷണശേഷം കഴിക്കുക.

2. രാത്രി ഭക്ഷണത്തിനുശേഷം വെളുത്തുള്ളി ചതച്ചിട്ട പാല്‍ കുടിക്കുക. ഇത് സ്ഥിരമായിട്ടുണ്ടാകുന്ന ഗ്യാസ്ട്രബിളിന് ശമനം കിട്ടും.

3. വെളുത്തുള്ളിയും ജീരകവും രണ്ട് അല്ലി വീതമെടുത്ത് നെയ്യില്‍ വറുത്ത് ഭക്ഷമണത്തിനു മുന്‍പായി ഉപയോഗിക്കുക.

4. വെളുത്തുള്ളി, ഏലം, കുരുമുളക്, ചുക്ക് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കഷായമാക്കി കഴിക്കുക.

5. മാതളനാരങ്ങയുടെ നീര് ചേര്‍ത്ത വെള്ളവും കഴുകി വൃത്തിയാക്കിയ മാതള നാരങ്ങയുടെ പുറം തൊലിയിട്ട് തിളപ്പിച്ച വെള്ളവും സ്ഥിരമായി കുടിക്കുക. ഇതൊരു ശീലമാക്കിയാല്‍ ഗ്യാസ്ട്രബിളില്‍ നിന്നും രക്ഷ നേടാം.

6. കുരുമുളകുപൊടിയും ഇഞ്ചിനീരും ചേര്‍ത്ത് കഴിക്കുന്നത് സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിന് നല്ലതാണ്.

7 പച്ചഇഞ്ചി ചതച്ചരച്ച് അതിന്റെ നീരില്‍ ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുക. ഗ്യാസ്ട്രബിളിനും ദഹനമില്ലായ്മയ്ക്കുംഇത് നല്ലതാണ്.

8. വെളുത്തുള്ളി, ഉലുവ, മുരിങ്ങത്തൊലി എന്നിവ ചേര്‍ത്ത് കഷായം സേവിക്കുന്നതും ഗ്യാസ്ട്രബിള്‍ ശമിപ്പിക്കും.