ജോലിക്ക് പോകുന്നതും തിരിച്ചു വരുന്നതും വിമാനത്തില്‍: ‘കര്‍ട്ട് ബാട്ടിന്‍’ ആളൊരു പുലിയാ

single-img
24 July 2017

വാഷിംഗ്ടണ്‍: കാറിലും ബസിലും ട്രെയിനിലുമൊക്കെയാണ് എല്ലാവരും സാധാരണയായി ജോലിസ്ഥത്തേക്ക് പോയി മടങ്ങുന്നത്. പക്ഷേ ട്രാഫിക് ബ്ലോക്കുകളും തിക്കും തിരക്കുമൊക്കെയായി നിത്യേനെയുള്ള ഈ യാത്ര ആരെയും മടുപ്പിക്കുന്നതാണ്. എന്നാല്‍പിന്നെ ദിവസേനെയുള്ള ഈ പോക്കുവരവ് വിമാനത്തിലാക്കിയാലോ?..ഞെട്ടേണ്ട ലോസാഞ്ചലസ് സ്വദേശി കര്‍ട്ട് ബാട്ടിന്‍ സ്‌കി എന്ന എഞ്ചിനീയര്‍ ജോലിക്ക് പോയി തിരികെ വരുന്നത് വിമാനത്തിലാണ്.

സ്വദേശമായ ലോസാഞ്ചലസില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ ജോലിസ്ഥലത്തേക്കും തിരികെയും ആറുമണിക്കൂറാണ് ഇദ്ദേഹം ഒരു ദിവസം വിമാനയാത്ര ചെയ്യുന്നത്. ഒരുപക്ഷേ ഇങ്ങനെ ജോലി നോക്കുന്ന ലോകത്തെ ഒരേ ഒരാളും കര്‍ട്ട് ആയിരിക്കും. ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനി ആദ്യം ലോസാഞ്ചലസിലായിരുന്നു. പിന്നീടിത് സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്ക് മാറ്റുകയുണ്ടായി. ഇതോടെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാന്‍തന്നെ കര്‍ട്ട് തീരുമാനിച്ചു. പക്ഷേ വീട് വിട്ടുകൊണ്ട് കുടുംബത്തെ മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകാന്‍ കര്‍ട്ടിന്റെ മനസ്സ് അനുവദിച്ചില്ല. അങ്ങനെയാണ് വിമാനത്തില്‍ ജോലിക്കു പോകാന്‍ തീരുമാനിച്ചത്.

രാവിലെ അഞ്ചുമണിക്ക് ഉണരുന്ന ഇദ്ദേഹം റെഡിയായി പത്തുമിനിട്ടുകൊണ്ട് തൊട്ടടുത്ത ചെറു വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഒറ്റ എന്‍ജിന്‍ വിമാനത്തില്‍ മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഒക്ലന്റിലെത്തും. ഇവിടെ നിന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനം കയറുന്നത്. തിരിച്ച് വീട്ടിലെത്തുമ്പോള്‍ രാത്രി ഒമ്പതുമണിയാകും.

മികച്ച എന്‍ജിനീയറായതിനാല്‍ കര്‍ട്ടിനെ വിടാന്‍ തയ്യാറല്ലാത്ത കമ്പനിയാണ് ഇദ്ദേഹത്തിന്റെ യാത്രയ്ക്കുവേണ്ട ചെലവെല്ലാം വഹിക്കുന്നത്. സ്ഥിരം യാത്രക്കാരനായതോടെ സെക്യൂരിറ്റി ചെക്കിംഗില്‍ ഉള്‍പ്പെടെ വിമാനത്താവള അധികൃതര്‍ കര്‍ട്ടിന് ഇളവ് നല്‍കാറുണ്ട്. അതിനാല്‍ സമയം വളരെയേറെ ലാഭിക്കാനാവുന്നുണ്ട്. കുടുംബവും ജോലിയും ഒരുപോലെ നോക്കാനാവുന്നതില്‍ വളരെയേറെ സന്തുഷ്ടനാണ ഇദ്ദേഹം. പക്ഷേ, വിമാന യാത്രയില്‍ ചിലപ്പോഴെങ്കിലും കാലാവസ്ഥ വില്ലനാവാറുണ്ട്.