വിദ്യാര്‍ത്ഥികളെ ‘കയ്യിലെടുക്കാന്‍’ ജിയോ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ നല്‍കും

single-img
24 July 2017

 

മുംബൈ: സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് ശേഷം റിലയന്‍സ് ജിയോ വിദ്യാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ പദ്ധതിയുമായി രംഗത്ത്. രാജ്യത്തുടനീളം മൂന്ന് കോടി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ നല്‍കാനാണ് ജിയോയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കമ്പനി കേന്ദ്ര മാനവശേഷി വികസന വകുപ്പിന് നല്‍കിയെന്നാണ് ഔദ്യോഗിക വിവരം.

കഴിഞ്ഞ മാസമാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാമെന്ന നിര്‍ദേശം ജിയോ സര്‍ക്കാരിന് മുന്നിലെത്തിച്ചത്. സര്‍ക്കാര്‍ നിര്‍ദേശം പരിശോധിച്ച് വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായിട്ടായിരിക്കും നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക. പുതിയ പദ്ധതി പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ സൗകര്യം ലഭിക്കും.

ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ ചരിത്രം രചിച്ച ജിയോ കഴിഞ്ഞ ദിവസം സൗജന്യ ഫോണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ സൗകര്യവുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.