സാഹചര്യത്തെളിവുകള്‍ ദിലീപിനെതിരെന്ന് ഹൈക്കോടതി: ‘നടിക്കു നേരെയുണ്ടായത് ക്രൂരമായ കുറ്റകൃത്യം’

single-img
24 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് ഗുരുതര നിരീക്ഷണങ്ങള്‍. നടന്നത് ക്രൂരമായ കുറ്റകൃത്യമാണെന്നും ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസ് അപൂര്‍വ്വവും ഗുരുതര സ്വഭാവം ഉള്ളതുമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പങ്കാളിത്തം സംശയിക്കാന്‍ കേസ് ഡയറിയില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നിര്‍ണായക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഇനിയും ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളും, പ്രതികളും ലഭിക്കേണ്ടിയിരിക്കുന്നു. കേസിലെ പ്രധാന തുമ്പായ ദൃശ്യങ്ങളും, മൊബൈല്‍ ഫോണും നേരിട്ട് ലഭിക്കേണ്ടതുണ്ട്. അത് കിട്ടാത്തതിനാല്‍ ദിലീപ് പുറത്തിറങ്ങുന്നത് അപകടമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയില്‍ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു എന്ന് കോടതി കണ്ടെത്തി.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന നടിക്കെതിരായ ആക്രമണത്തില്‍ നടിക്കെതിരെ ദിലീപിന് വൈരമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്ന കണ്ടെത്തല്‍ പോലീസ് നല്‍കിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെടുന്നു. പ്രതിയുടെ വിവാഹ ജീവിതം തകര്‍ത്തത് നടിയാണെന്ന ധാരണയില്‍ ദിലീപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് തെളിയിക്കാവുന്ന സാഹചര്യ, സാങ്കേതിക തെളിവുകള്‍ പ്രോസീക്യൂഷന്റെ കയ്യിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. നിര്‍ണായക തെളിവുകള്‍ കണ്ടെത്താനുള്ളതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ സൂക്ഷമമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാകില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

നടനെന്ന നിലയില്‍ വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. സിനിമയുടെ എല്ലാ രംഗങ്ങളിലും ഉള്ളതിനാല്‍ പ്രതിക്ക് ഉന്നതമായ ബന്ധങ്ങളാണുള്ളത്. അതിനാല്‍ത്തന്നെ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ജാമ്യം തള്ളിക്കൊണ്ടുള്ള 11 പേജുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈ മാസം 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഗൂഢാലോചനയുടെ കിംഗ് പിന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേള്‍പ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. എന്നാല്‍ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമാണ് ഹാജരായത്.