ദിലീപിന് സുരക്ഷാ ഭീഷണി: നാളെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല

single-img
24 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് നാളെ നേരിട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കില്ല. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

നാളെ റിമാന്‍ഡ് കാലാവധി കഴിയാനിരിക്കെ ദിലീപിനെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് വിസ്താരത്തിന് ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചത്.

വിസ്താരത്തിന് വീഡിയോ കോണ്‍ഫറന്‍സിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതോടെ കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു. നാളെ വീഡിയോ കോണ്‍ഫറന്‍സിങിനുള്ള സൗകര്യം കോടതിയില്‍ ഒരുക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിവാങ്ങാനാണ് പോലീസിന്റെ നീക്കം.

ജൂലൈ 10ന് അറസ്റ്റു ചെയ്ത ദിലീപിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. 25 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. റിമാന്‍ഡ് തുടരുന്നതിനിടെ ദിലീപിനെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിലും വിട്ടിരുന്നു.

ദിലീപ് ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയേയും, അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍, ദിലീപ് ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.