ദിലീപ് ജയിലില്‍ തന്നെ: ജാമ്യമില്ല

single-img
24 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിള്‍ ബെഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്. ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ് ഇത്. കേസില്‍ പ്രധാന തെളിവായ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ട്. അന്വേഷണം തീര്‍ന്നിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു.

ഈ മാസം 20 ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതോടെ അങ്കമാലി കോടതിയില്‍ ദിലീപിനെ ഹാജരാക്കി വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.