ബ്ലാസ്റ്റേഴ്‌സ് ആരാധകരേ…; ‘ഹ്യൂമേട്ടന്‍’ തിരുമ്പി വന്താച്ച്

single-img
24 July 2017

കോഴിക്കോട്: ഐ.എസ്‌.എല്‍ ഫുട്‌ബോളില്‍ നിങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണോ. എങ്കില്‍ കലൂരില്‍ നിങ്ങളെ ആവേശത്തിലാഴ്ത്താന്‍ ഒരു ചെറു കനേഡിയന്‍ പുഞ്ചിരിയുമായി ഗ്രൗണ്ടില്‍ നിങ്ങളുടെ സ്വന്തം ഹ്യൂമേട്ടനിറങ്ങുന്നു. മഞ്ഞ ജേഴ്‌സിയണിഞ്ഞ് കാലുകളില്‍ യാന്ത്രികചലനങ്ങള്‍ ഒളിപ്പിച്ച് ഹ്യൂം കളം നിറയുമ്പോള്‍ മലയാളികള്‍ ഒന്നടങ്കം ബ്ലാസ്‌റ്റേഴ്‌സിനായി ഗാലറികളില്‍ ആര്‍പ്പുവിളികള്‍ നടത്തുമെന്നുറപ്പാണ്. ഡ്രാഫ്റ്റിലൂടെ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശതാരമായ ഹ്യൂമുമായി പുതിയ സീസണിലേക്ക് കരാറൊപ്പിട്ടത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഹ്യൂമിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹ്യൂമിന്റെ വീഡിയോ പങ്കുവെച്ച് അതിനോടൊപ്പം ഹ്യൂം വീട്ടിലേക്ക് തിരിച്ചെത്തിയെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാന്‍ ഹ്യൂം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയിരുന്നു. അതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശതാരം ഹ്യൂമായിരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൊല്‍ക്കത്തയും പുണെ എഫ്.സിയും ഹ്യൂമിനെ സമീപിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാനാണ് കനേഡിയന്‍ താരം ആഗ്രഹം പകടിപ്പിച്ചത്. തുടര്‍ന്ന് കരാറിലെത്തുകയായിരുന്നു.

ഐ.ഐസ്.എല്‍ മൂന്ന് സീസണ്‍ പിന്നിടുമ്പോഴും മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ടോപ്‌സ്‌കോര്‍. മൂന്ന് സീസണുകളില്‍ 23 ഗോളാണ് ഹ്യൂം സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുന്നത്. ആദ്യ സീസണല്‍ കേരളത്തിന് വേണ്ടി നേടിയ 5 ഗോളുകളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ രണ്ടുസീസണുകളായി അത്‌ലറ്റിക്കോ കൊല്‍ക്കത്തയില്‍ ഉള്ള ഹ്യൂം കൊല്‍ക്കത്തയ്ക്കായി 18 ഗോള്‍ നേടി അവരുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി.

കഴിഞ്ഞ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും ഹ്യൂം നേടി. ആദ്യ സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടും കനേഡിയന്‍ താരത്തെ നിലനിര്‍ത്താത്തതില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം മുന്നേറ്റതാരമായി ഹ്യൂം എത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണനിര കൂടുതല്‍ കരുത്തുറ്റതാകും. ഡ്രാഫ്റ്റിലൂടെ ഡിഫന്‍സിലും മിഡ്ഫീല്‍ഡിലും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്‌സ് ഹ്യൂമിനെക്കൂടി തട്ടകത്തിലെത്തിച്ച് അറ്റാക്കിങ് ശക്തമാക്കിയിരിക്കുകയാണ്. അരാറ്റ ഇസുമി. ജാക്കിചന്ദ്, സി കെ വിനീത് എന്നിവരോടൊപ്പം ഹ്യൂമേട്ടനെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.