ആറ് കോണ്‍ഗ്രസ് എം.പിമാരെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

single-img
24 July 2017


ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയും സ്പീക്കറുടെ ഡയസിന് നേരെ കടലാസ്സ് കീറി എറിഞ്ഞ് ചെയറിനെതിരെ മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് എംകെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഗൗരവ് ഗോഗോയ്, കെ സുരേഷ്, അന്ധ്രന്‍ജന്‍ ചൗധരി, രഞ്ജിത് രഞ്ജന്‍, സുസ്മിത ദേവ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എം.പിമാര്‍. അഞ്ച് ദിവസത്തേക്കാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സര്‍ക്കാരിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. പ്രതിപക്ഷ ബഹളത്തിന് ഇടയിലും സ്പീക്കര്‍ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോയി.

ശൂന്യവേളയില്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പ്രസംഗിക്കാന്‍ മൈക്ക് നല്‍കണം എന്ന് നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് എംപി മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഈ ആവശ്യം അംഗീകരിച്ചില്ല.

ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കടലാസ്സ് കഷ്ണങ്ങള്‍ കീറി എറിഞ്ഞു. നിരന്തരം സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ള അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് രണ്ട് മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ കൊടിക്കുന്നില്‍ സുരേഷും, എം കെ രാഘവനും ഉള്‍പ്പടെ ആറു അംഗങ്ങളെ അഞ്ച് സമ്മേളന ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.