എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

single-img
23 July 2017

കൊച്ചി∙ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈമാസം 11 മുതൽ ചികിൽസയിലായിരുന്നു.  കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ  6.55 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

 

എന്‍പിസി സംസ്ഥാന അധ്യക്ഷന്‍ എന്നതിനപ്പുറം എല്‍ഡിഎഫിലെ ജനകീയ മുഖമുളള നേതാവ് എന്ന നിലയിലാകും കേരളം ഉഴവൂര്‍ വിജയനെ ഓര്‍ക്കുക. നര്‍മ്മത്തില്‍ ചാലിച്ച വാചക കസര്‍ത്തായിരുന്നു രാഷ്‌ട്രീയത്തിലെ അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക്.

സാധാരണക്കാരുമായി വളരെ അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു ഉഴവൂര്‍ വിജയന്റേത്. കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസ്സിന്റെ ഭാഗമായി മാറി.

പിന്നീട് കോണ്‍ഗ്രസ് എസ്സ് എന്‍സിപിയില്‍ ലയിച്ചപ്പോള്‍ എന്‍സിപിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളില്‍ ഒന്നായി മാറി ഉഴവൂര്‍ വിജയന്‍. വൈകാതെ ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. കഴിഞ്ഞ മാസം വരെയും ഇടതു സമരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഉഴവൂര്‍ വിജയന്‍.