വിനായകന്റേത് ആത്മഹത്യയല്ല കൊലപാതകമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സോഷ്യല്‍മീഡിയയില്‍ ഹാഷ്ടാഗ് പ്രതിഷേധം

single-img
23 July 2017

തൃശൂർ: പൊലീസ് കസ്റ്റഡിയിലേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ മരണം കൊലപാതകമാണെന്ന് ആരോപണമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ മനുഷ്യവകാശ പ്രവര്‍ത്തകര്‍. വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് “#itsMurder “എന്ന ഹാഷ് ടാഗോട് കൂടിയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്.

പ്രമുഖരായ നിരവധി മനുഷ്യവകാശപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും “#itsMurder”എന്ന ഹാഷ്ടാഗോട് കൂടി വിനായകന്റെ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നു. ജാതിവിവേചനത്തിന്റെയും പൊതു കാഴ്ച്ചപാടുകളുടെയും ഇരയാണ് വിനായകന്‍. കറുത്ത് മെലിഞ്ഞ് മുടി വളര്‍ത്തിയ ദളിത് യുവാവ് കുറ്റക്കാരനാണ് എന്ന മനോഭാവമാണ് പൊലീസ് പീഡനത്തിന് പിന്നിലെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നുണ്ട്. ദളിതരെ പീഡിപ്പിച്ചാല്‍ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവില്ലെന്ന മനോഭാവമാകാം പോലീസ് ഇതിനും മുമ്പും വെച്ച് പുലര്‍ത്തിയിട്ടുള്ളതായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു.

പൊലീസ് കസ്റ്റഡിയിലേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്ത വിനായകന്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ജനകീയ സമരങ്ങളില്‍ അക്രമം അഴിച്ച് വിടുന്ന സര്‍ക്കാരിന്റെ പൊലീസ് ലോക്ക്അപ്പ് മുറികളില്‍ ഇതില്‍ കൂടുതല്‍ ഭീകരത കാണിക്കുമെന്ന പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്നത്.

പ്രഥമദൃഷ്ട്യാ കുറ്റക്കാരാനാണ് എന്ന് കണ്ടെത്തിയ പൊലീസുകാരനെതിരെയുള്ള നടപടി വെറും സസ്‌പെന്‍ഷനില്‍ ഒതുക്കിയതിലും പ്രതിഷേധമുയരുന്നുണ്ട്. പൊലീസുകാരുടെ മനോവീര്യത്തിന്റെ പേരില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നടപടി ലജ്ജാകരമാണെന്നും പിണറായിയുടെ മൗനം കേരള മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും പോസ്റ്റുകളില്‍ മനുഷ്യവകാശ പ്രവര്‍ത്തകര്‍ കുറിക്കുന്നു.