എല്ലാവരും ‘അമ്മയെ’ ക്രൂശിക്കുന്നു; നികുതിവെട്ടിപ്പ് ഉണ്ടെങ്കില്‍ അടച്ചുതീര്‍ക്കുമെന്ന് പ്രസിഡന്റ് ഇന്നസെന്റ്

single-img
23 July 2017

അങ്കമാലി: താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടയ്ക്കുമെന്ന് ഇന്നസന്റ് എംപി. ഇത് ഇന്ന് നടന്ന സംഭവമല്ല. കോടതിയില്‍ നികുതി വെട്ടിപ്പിനെ സംബന്ധിച്ച് കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോള്‍ അമ്മയെ ക്രൂശിക്കുകയാണെന്നും ഇന്നസന്റ് പറഞ്ഞു. എല്ലാവരും അല്ല, ഒന്നുരണ്ടുപേര്‍ മാത്രമാണ് ക്രൂശിക്കുന്നത്. അത് ആരൊക്കെയാണെന്നു നിങ്ങള്‍ക്ക് അറിയാമെന്നും ഇന്നസന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എട്ട് കോടിയിലധികം വന്നുവെങ്കിലും കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നാണ് അമ്മയുടെ വിശദീകരണം. എന്നാല്‍ ഇതിന്റെ കണക്കും പൂര്‍ണമായും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്മയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്ന് പി ടി തോമസ് എം എല്‍ എയും ആരോപിച്ചിരുന്നു. നികുതി വെട്ടിപ്പു കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.