1971-ല്‍ എന്തു സംഭവിച്ചെന്ന് ഓര്‍ക്കണം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്

single-img
23 July 2017

ന്യൂഡല്‍ഹി: പാകിസ്ഥാന് എന്‍ഡിഎ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്. ഭീകരവാദത്തെ വളര്‍ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അവര്‍ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ മുമ്പ് ശ്രമം നടന്നപ്പോള്‍ 1971 -ല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മിക്കണമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

അയല്‍ രാജ്യമായ പാകിസ്ഥാന്‍ ഭീകരവാദികള്‍ക്കുള്ള അഭയസ്ഥാനമായി യുഎസ് പുറത്തുവിട്ട പട്ടികയില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞവര്‍ഷം പാകിസ്ഥാന്‍ സഹായത്തില്‍ ജയ്‌ഷെ മുഹമ്മദ്, ലക്ഷര്‍-ഇ-തൊയ്ബ തുടങ്ങിയ ഭീകരവാദി സംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ,പരിശീലനം തുടരുകയും, നിക്ഷേപം ഉയര്‍ത്തുകയും ചെയ്തിരുന്നതായി യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

‘നമ്മുടെ അയല്‍രാജ്യം അശാന്തഭൂമിയായി മാറിയിരിക്കുകയാണ്. ഇത് മറ്റുള്ള രാജ്യങ്ങളെയും വിശ്രമമില്ലാത്തവരാക്കി തീര്‍ത്തിരിക്കുകയാണ്. ഭാരതത്തില്‍ കാശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ ഒരുമിച്ച് നിന്നു ഭീകരവാദത്തോട് തിരിച്ചടിക്കുമെന്നും’ വെങ്കയ്യനായിഡു പറഞ്ഞു. ഇതിനുള്ള ഉദാഹരണമായി വെങ്കയ്യനായിഡു ചുണ്ടിക്കാട്ടിയത് 1971 -ല്‍ നടന്ന യുദ്ധമാണ്.

പതിമൂന്ന് ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ പാകിസ്ഥാന്റെ യുദ്ധപ്രവര്‍ത്തികള്‍ക്ക് തക്കതായ മറുപടി സൈന്യത്തിലൂടെ ഇന്ത്യ നല്‍കിയിരുന്നു. യുദ്ധാവസാനം കിഴക്കന്‍ പാകിസ്ഥാന്‍ മോചിപ്പിക്കപ്പെടുകയും പിന്നീടത് അഫ്ഗാനിസ്ഥാന്‍ എന്ന പേരില്‍ രാജ്യമായി മാറുകയും ചെയ്തിരുന്നു. ചരിത്രം ഓര്‍മ്മിക്കണമെന്നും വെങ്കയ്യനായിഡു ഇതിലൂടെ വ്യക്തമാക്കി.

വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂണിയന്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്ഥാനം കഴിഞ്ഞ ആഴ്ച വെങ്കയ്യ നായിഡു രാജിവെച്ചിരുന്നു. ആഗസ്റ്റ് 5 ന് നടക്കാനിരിക്കുന്ന ഇലക്ഷന് മുന്നോടിയായി ഡല്‍ഹിയില്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെ ഓര്‍മ്മക്കായി നടത്തിയ കാര്‍ഗില്‍ പരാക്രം പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.