‘ആ വാഗ്‌ധോരണി ഇനി കേള്‍ക്കാനാവില്ലെന്നു വിശ്വസിക്കാന്‍ പ്രയാസം’; ഉഴവൂര്‍ വിജയനെ അനുസ്മരിച്ച് തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
23 July 2017

തിരുവനന്തപുരം: നര്‍മ്മ ശൈലിയിലൂടെ എതിരാളികളെപ്പോലും കയ്യിലെടുക്കുന്ന അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളരാഷ്ട്രീയത്തിലെ ഹാസ്യ സമ്രാട്ടായിരുന്ന ഉഴവൂരിന്റെ പ്രസംഗ ശൈലിയെ ഓര്‍മിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ കുറിപ്പ്.

പൊട്ടിച്ചിരിയുടെയും ഹര്‍ഷാരവങ്ങളുടെയും പ്രകമ്പനങ്ങള്‍ക്കു തീകൊളുത്തി കത്തിക്കയറുന്ന ഉഴവൂര്‍ വിജയന്‍ പ്രസംഗങ്ങള്‍ക്ക് താന്‍ അനേകം തവണ സാക്ഷിയായിട്ടുണ്ട്. ആ വാഗ്‌ധോരണി ഇനി കേള്‍ക്കാനാവില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാല്‍ മതി ആള്‍ക്കൂട്ടം ഒഴുകിയെത്താന്‍ എന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പൊട്ടിച്ചിരിയുടെയും ഹര്‍ഷാരവങ്ങളുടെയും പ്രകമ്പനങ്ങള്‍ക്കു തീകൊളുത്തി കത്തിക്കയറുന്ന ഉഴവൂര്‍ വിജയന്‍ പ്രസംഗങ്ങള്‍ക്ക് അനേകം തവണ സാക്ഷിയായിട്ടുണ്ട്. കഥകളും ഉപകഥകളും സൂപ്പര്‍താര ഡയലോഗുകളും സിനിമാപ്പേരുകളുമൊക്കെ തരാതരംപോലെ വാരിവീശി കൈയടി നേടാന്‍ പ്രത്യേകമായ ഒരു സിദ്ധിതന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. സ്വന്തം പാര്‍ടിയുടെ അതിരുകള്‍ക്കപ്പുറത്തേയ്‌ക്കൊരു സ്വീകാര്യത വാഗ് സാമര്‍ത്ഥ്യം കൊണ്ട് ഇതുപോലെ നേടിയെടുത്ത മറ്റൊരു നേതാവില്ല. ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാല്‍ മതി. ആള്‍ക്കൂട്ടം ഒഴുകിയെത്തുമായിരുന്നു.

ആ വാഗ്‌ധോരണി ഇനി കേള്‍ക്കാനാവില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.