രാജസ്ഥാനിലെ എണ്ണപ്പാടത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത് 49 കോടി രൂപയുടെ ക്രൂഡ് ഓയില്‍

single-img
23 July 2017

ന്യൂഡല്‍ഹി: രാജസ്ഥാനിലെ എണ്ണപ്പാടത്തില്‍നിന്ന് 50 ദശലക്ഷം ലിറ്റര്‍ ക്രൂഡ് ഓയില്‍ മോഷ്ടിച്ച് കടത്തിയ സംഘത്തെ രാജസ്ഥാന്‍ പോലീസ് പിടികൂടി. കരയിലുള്ള രാജ്യത്തെ ഏറ്റവും വലിയ എണ്ണപാടമായ കെയിന്‍ ഇന്ത്യ ഓയില്‍ഫീല്‍ഡില്‍ നിന്നാണ് വെള്ളം കൊണ്ടുപോകാനുള്ള ടാങ്കുകളില്‍ ക്രൂഡ് ഓയില്‍ കടത്തിയതായാണ് കണ്ടെത്തിയത്. സംഘത്തില്‍ ഉള്‍പ്പെട്ട 25 പേരെയാണ് രാജസ്ഥാന്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറു വര്‍ഷംകൊണ്ടാണ് ഇവര്‍ 50 ദശലക്ഷത്തിലധികം ലിറ്റര്‍ ക്രൂഡ് ഓയില്‍ കടത്തിയത്.

ബ്രിട്ടീഷ് ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസിന്റെ ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തില്‍ നിന്നാണ് ഏകദേശം 49 കോടി രൂപയുടെ ക്രൂഡ് ഓയില്‍ മോഷണം പോയത്. കെയിന്‍ ഓയില്‍ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരും കരാര്‍ ജീവനക്കാരുമടക്കം 75 ലധികം പേര്‍ മോഷ്ടാക്കളുടെ സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഗംഗന്ദീപ് സിംഗ്ല പറഞ്ഞു.

ഖനനത്തിനിടെ ലഭിക്കുന്ന വെള്ളം പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിലാണ് ക്രൂഡോയില്‍ കടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. വാഹനങ്ങളില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം പ്രവര്‍ത്തന രഹിതമാക്കിയായിരുന്നു മോഷണം. സമീപത്തുള്ള രണ്ടു ചെറുകിട ഫാക്ടറി ഉടമകളാണ് സംഘത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയത്. കമ്പനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രൂഡ് ഓയില്‍ മോഷണം പോയതായി കണ്ടെത്തിയത്.