ടോമിൻ തച്ചങ്കരിക്ക് വേണ്ടി സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു; സത്യവാങ്മൂലത്തില്‍ വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ മറച്ചുവെച്ചു

single-img
23 July 2017

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്ത്. തച്ചങ്കരിക്കെതിരായ കേസുകളുടെ യഥാര്‍ത്ഥ വിവരം മറച്ചുവെച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങളുടെ പൂര്‍ണവിവരം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ മറച്ചുവെയ്ക്കുകയായിരുന്നു. രണ്ടുകേസുകളുടെയും രണ്ട് അന്വേഷണങ്ങളുടെയും വിവരങ്ങള്‍ മാത്രമാണ് ഹൈക്കോടതിക്ക് നല്‍കിയത്.

ടോമിന്‍ തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിന് വിശദീകരണമായി നല്‍കിയ ആദ്യ സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിവരം സര്‍ക്കാര്‍ അറിയിച്ചത്.

അതുപ്രകാരം തച്ചങ്കരിയുടെ പേരില്‍ നിലവിലുള്ളത് രണ്ട് വിജിലന്‍സ് കേസുകള്‍. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് 2007ല്‍ റജിസ്റ്റര്‍ ചെയ്തതും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയെ ഉപയോഗിച്ച് അനധികൃത പണപ്പിരിവിന് ശ്രമിച്ചതിന് ഇക്കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തതും.കൂടാതെ രണ്ട് ദ്രുതപരിശോധനകളും.

എഡിജിപി തച്ചങ്കരിക്കെതിരെ മറ്റൊരു വകുപ്പുതല അന്വേഷണം പോലുമില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ വഹിക്കുന്ന പൊലീസ് ആസ്ഥാനത്തെ തസ്തികക്ക് അദ്ദേഹം സര്‍വഥാ യോഗ്യനെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച നിലപാട്.

എന്നാല്‍ ഈ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍ മറച്ചുവച്ച കേസുകളുടെ പട്ടികയാണിപ്പോള്‍ പുറത്തായിരിക്കുന്നത്. ഇതുപ്രകാരം ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത് മൂന്ന് കേസുകള്‍. കൂടാതെ ഏഴു പരാതികളില്‍ ദ്രുതപരിശോധനകള്‍ നടക്കുന്നു. രഹസ്യ പരിശോധന അടക്കം രണ്ടെണ്ണം വേറെയും.

അതായത് ഒരു കേസിന്റെയും മറ്റ് ഏഴ് പരാതികളില്‍ നടക്കുന്ന അന്വേഷണങ്ങളുടെയും വിവരങ്ങള്‍ പൂര്‍ണമായും മറച്ചുവച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മനോരമ ന്യൂസാണ് വിജിലന്‍സ് അന്വേഷണങ്ങളുടെ പട്ടിക പുറത്തിവിട്ടത്.