മെഡിക്കല്‍ കോഴ വിവാദം; മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ബിജെപി

single-img
23 July 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് കടുത്ത നടപടിയെടുക്കുമെന്ന് ബിജെപി. മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വരുമെന്നാണ് സൂചന. വി.വി രാജേഷ്, കെ.പി ശ്രീശന്‍, എ.കെ നസീര്‍ എന്നിവര്‍ക്കെതിരെയാവും നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ സാധിക്കാതിരുന്നത് വന്‍ വീഴ്ചയായാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

കോര്‍ കമ്മിറ്റി യോഗത്തില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിയ്ക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മിഷന്‍ അംഗമായിരിക്കെ റിപ്പോര്‍ട്ട് പുറത്തുവിട്ട ഏ.കെ.നസീറിനെതിരെ ഇമെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷന്‍ അധ്യക്ഷന്‍ കെ.പി. ശ്രീശനും റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പരാതിയുണ്ട്. ഏ.കെ. നസീര്‍ ഹോട്ടല്‍ ഇമെയില്‍ ഐഡിയിലേക്കയച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആണെന്നും കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്ന് പേര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കോര്‍ കമ്മിറ്റിയിലോ സംസ്ഥാന സമിതിയിലോ ഇവരെ സംരക്ഷിക്കാന്‍ ആരും ഉണ്ടായില്ല. മാത്രമല്ല റിപ്പോര്‍ട്ടില്‍ അനാവശ്യമായി എം.ടി രമേശിന്റെ പേര് കെ.പി ശ്രീശന്‍ എഴുതി ചേര്‍ത്തതാണെന്നും സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നു. ഇക്കാര്യത്തില്‍ കമ്മിഷന്‍ അധ്യക്ഷന്‍ എന്ന രീതിയില്‍ യോഗത്തില്‍ മറുപടി പറയാന്‍ ദേശീയ സഹ സംഘടനാ സെക്രട്ടറി പി.എല്‍. സന്തോഷ്, ശ്രീശനെ അനുവദിച്ചില്ല. ദേശീയ എക്‌സിക്യുട്ടീവിനായി വ്യാജ രസീത് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണം വിമത വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ കരിവാരി തേക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.

വിമത നീക്കള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ യോഗത്തില്‍ മൗനം പാലിച്ചു. റിപ്പോര്‍ട്ട് ചോര്‍ത്തിയതില്‍ നേതാക്കള്‍ക്കെതിരായ കടുത്ത നടപടികള്‍ ഒഴിവാക്കാനും സമ്മര്‍ദ്ദമുണ്ട്. മുരളീധരന്‍ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചില മാധ്യമ ഓഫിസുകളില്‍ നേരിട്ട് എത്തിച്ചതെന്നു ബിജെപി കേന്ദ്രനേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം കഴിയുമ്പോള്‍ അച്ചടക്ക നടപടികളിലേക്കു കടക്കുമെന്നാണു സൂചന. മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ വി.മുരളീധരന്‍ പക്ഷത്തിനെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്ന നിലപാടിലാണു ബിജെപി കേന്ദ്രനേതൃത്വവും ആര്‍എസ്എസും.