വിദ്യാര്‍ത്ഥികളില്‍ നിന്ന് 100 രൂപ വീതം ഈടാക്കാന്‍ കെഎസ്ആര്‍ടിസിയുടെ നിര്‍ദ്ദേശം

single-img
23 July 2017

തിരുവനന്തപുരം: സൗജന്യയാത്ര അനുവദിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും പണം ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍. പ്രൊസസിങ് ചാര്‍ജ് എന്ന പേരില്‍ 100 രൂപയാണ് ഈടാക്കുക. വിദ്യാര്‍ത്ഥികളില്‍ നിന്നും ഒറ്റത്തവണയായി തുക ഈടാക്കാനാണ് എല്ലാ യൂണിറ്റുകളിലേക്കും കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിക്കുന്നത്. സ്റ്റേഷനറി ചാര്‍ജ് എന്ന പേരില്‍ 10 രൂപയും ഈടാക്കിയിരുന്നു. ഈ അദ്ധ്യയന വര്‍ഷത്തില്‍ കാര്‍ഡ് പുതുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികചാര്‍ജ് ഈടാക്കാനാണ് കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍  എല്ലാം യൂണിറ്റുകളിലേക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അതേസമയം അധിക ചാര്‍ജ് ഈടാക്കുന്നതിനെതിരെ കെഎസ്യു രംഗത്തെത്തി. കെഎസ്ആര്‍ടിസിയുടെ നീക്കം വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര എന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെഎസ്യു ആരോപിച്ചു.