വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി; പിന്നീട് പലതവണ പീഡിപ്പിച്ചു: യുവതിയുടെ മൊഴി ഇങ്ങനെ

single-img
22 July 2017

തിരുവനന്തപുരം: കോവളത്ത് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രേരണാ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച ബാലരാമപുരം സ്വദേശിനിയെ എംഎല്‍എ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ പീഡിപ്പിച്ച എംഎല്‍എ കടയില്‍ വെച്ചും പീഡിപ്പിച്ചതായി യുവതി ദേശാഭിമാനിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെയും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നാട്ടില്‍ വെച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയ എംഎല്‍എ പിന്നീട് അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ യുവതിയെ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തുകയായിരുന്നു.

നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനുമെതിരെയുണ്ടായേക്കാവുന്ന പ്രതികാര നടപടികള്‍ ഭയന്നാണ് പരാതിപ്പെടാന്‍ തയാറാവാതിരുന്നതെന്നും യുവതി പറയുന്നു.

എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തിയെന്നും ഗത്യന്തരമില്ലാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തിയെന്നുംയുവതി പറയുന്നു.

ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടരുകയായിരുന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

യുവതിയെ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ വസ്ത്രങ്ങളും മറ്റും സംഘം ശേഖരിച്ചിട്ടുണ്ട്. ഭര്‍ത്താവ്, സഹോദരന്‍, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴി വീണ്ടും എടുത്തു. പരാതി സാധൂകിരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ മൊഴികളില്‍ നിന്നും ലഭിച്ചെന്നാണ് സൂചന.