ജിയോയുടെ പുതിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണോ?: എങ്കില്‍ അറിഞ്ഞോളൂ ജിയോഫോണില്‍ വാട്‌സ്ആപ് ഇല്ല

single-img
22 July 2017

മുംബൈ: ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ടാണ് രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി ‘ജിയോ 4ജി ഫോണ്‍’ നല്‍കുന്നുവെന്ന വാര്‍ത്ത റിലയന്‍സ് മേധാവി മുകേഷ് അംബാനി ഇന്നലെ പുറത്തു വിട്ടത്. വെറും 1500 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിലൂടെ സ്വന്തമാക്കാവുന്ന ജിയോ ഫോണില്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നതായിരുന്നു ഫോണിന്റെ പ്രധാന ആകര്‍ഷണം. മാത്രമല്ല ജിയോ ഫോണില്‍നിന്നുള്ള എല്ലാ വോയിസ് കോളുകളും മെസേജുകളും സൗജന്യവുമാണ്.

നിരവധി പ്രത്യേകതകളുമായി ഒറ്റനോട്ടത്തില്‍ അതീവ ആകര്‍ഷകമാണ് ജിയോയുടെ ഈ ഫീച്ചര്‍ ഫോണെങ്കിലും ഇതിന് ചില ന്യൂനതകളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാട്‌സ്ആപ് ഉപയോഗിക്കാനാവില്ല എന്നതാണ് ഈ ഫോണിന്റെ പ്രധാന പോരായ്മ. വാട്‌സ്ആപിനു പകരം ജിയോ ചാറ്റ് പോലുള്ള ചാറ്റിംഗ് സംവിധാനങ്ങളെയാണ് ഇവര്‍ പ്രമോട്ട് ചെയ്യുന്നത്. അതിനാല്‍ തന്നെ എത്ര പേര്‍ക്ക് വാട്‌സ്ആപ് ഇല്ലാത്ത ഈ ഫോണ്‍ ആകര്‍ഷകമുള്ളതായിരിക്കും എന്ന കാര്യം പ്രസക്തമാണ്.

പിന്നീട് ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ ജിയോ തള്ളിക്കളയുന്നില്ലെങ്കിലും വാട്‌സ്ആപ്, എന്ന് ലഭ്യമാകുമെന്നതില്‍ കമ്പനി കൃത്യമായ വിവരങ്ങളൊന്നും തന്നെ നല്‍കുന്നില്ല. അതേ സമയം ജിയോ ആപ്പുകള്‍ മുഴുവന്‍ ഫോണിലുണ്ടാകുമെന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ഓഗസ്റ്റ് 24 മുതലാണ് ജിയോ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുന്നത്.

മൈജിയോ ആപ്, ജിയോ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ വിതരണം ചെയ്തു തുടങ്ങും. ബുക്കിംഗ് നടത്തിയതിന്റെ മുന്‍ഗണനാ ക്രമത്തിലായിരിക്കും വിതരണവും നടക്കുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുകയാണ് അംബാനിയുടെ ലക്ഷ്യം.

ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് ഞെട്ടിപ്പിക്കുന്ന പ്രവേശന ഓഫറുകളായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. പരിധിയില്ലാത്ത ഡാറ്റയ്‌ക്കൊപ്പം പരിധിയില്ലാതെ കോള്‍, എസ്എംഎസ് സേവനങ്ങള്‍ എന്നിവയിരുന്നു പ്രഖ്യാപനം. എന്നാല്‍ പരിധികളില്ലാത്ത 4ജി ഡേറ്റ ഉപയോഗം വെറും വാഗ്ദാനമാണെന്നും 500 എംബി മാത്രമാണ് 4ജി വേഗതയില്‍ ഒരു ദിവസം ഉപഭോക്താവിന് ഉപയോഗിക്കാന്‍ കഴിയുക എന്നുമാണ് വിവരം.

154 രൂപയുടെ റീചാര്‍ജ് പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 500 എംബി കഴിഞ്ഞാല്‍ പിന്നെ നെറ്റ് 2ജി വേഗതയിലേക്ക് കുറയും. അതേസമയം, 309 രൂപയുടെ പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 56 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം ഒരു ജിബി വരെ 4ജി ഡാറ്റ ലഭിക്കും. ഇതു കൂടാതെ രണ്ടു ദിവസത്തേക്ക് 24 രൂപ, ഒരാഴ്ചത്തേക്ക് 54 രൂപ പായ്ക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മേല്‍പ്പറഞ്ഞ പായ്ക്കുകളെല്ലാം ജിയോഫോണ്‍ വരിക്കാര്‍ക്കു മാത്രമുള്ളതാണ്. നിലവിലുള്ള വരിക്കാര്‍ക്ക് ലഭ്യമാകില്ല.