‘മെഡിക്കല്‍ കോഴ’ സ്ഥിരീകരിച്ച് ബിജെപിയുടെ മുഖപത്രം: എന്‍ഐഎ അന്വേഷിക്കണമെന്ന് ജന്മഭൂമി

single-img
22 July 2017

മെഡിക്കല്‍ കോഴയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും അതിനാല്‍ എന്‍ഐഎ അന്വേഷണം വേണമെന്നുമാണ് ബിജെപി മുഖപത്രത്തിന്റെ ആവശ്യം. റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന പംക്തിയിലാണ് വിമര്‍ശനങ്ങള്‍.

ബിജെപിയുടെ രണ്ടാം നിര നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെന്ന് സമ്മതിക്കാന്‍ നേതാക്കള്‍ ഇതുവരെ തയ്യാറാവാത്ത സാഹചര്യത്തിലാണ് ജന്മഭൂമിയിലെ ലേഖനം പ്രസക്തമാകുന്നത്. റിപ്പോര്‍ട്ട് ഉണ്ടെന്ന് സമ്മതിക്കുന്ന ലേഖനത്തില്‍ റിപ്പോര്‍ട്ട് പുറത്ത് പോയതെങ്ങനെയെന്ന് ചോദിക്കുന്നു. കമ്മീഷനംഗത്തിന്റെ ഇമെയിലില്‍ നിന്ന് ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് എങ്ങിനെ റിപ്പോര്‍ട്ട് ചോര്‍ന്നു. ആ കുലംകുത്തിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സംസ്ഥാനത്തിന് പുറത്തും കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണം. ആരുടെയും സൗന്ദര്യം കണ്ടല്ല കേരളത്തില്‍ ബിജെപി ശക്തിപ്പെട്ടുവരുന്നത്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് ആവില്ല. അതുകൊണ്ട് റിപ്പോര്‍ട്ട് വെച്ച് കച്ചവടം നടത്തിയ ആളെ കണ്ടുപിടിക്കണമെന്നാണ് ലേഖനം ആവശ്യപ്പെടുന്നത്. ഇന്ന് നടക്കുന്ന നേതൃയോഗങ്ങളിലെ ചര്‍ച്ചയുടെ ദിശമാറ്റാന്‍ സാധ്യതയുള്ള തരത്തിലാണ് ജന്മഭൂമിയിലെ ഈ ലേഖനം.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കടുത്ത പ്രതിരോധത്തിലാണ് നേതൃത്വം. അഴിമതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിനെപ്പോലും പ്രതിരോധത്തിലാക്കും വിധം കേരളത്തില്‍ നിന്ന് ഉയര്‍ന്ന കോഴ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. വിഭാഗീതക്ക് പുറമെ അഴിമതി ആരോപണം കൂടി കടുത്തതോടെ സമഗ്ര അഴിച്ച് പണിക്കും കളമൊരുങ്ങുകയാണ്. അതേസമയം കോഴക്കഥ കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നുമാണ് ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ നിലപാട്.