ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു

single-img
22 July 2017

രാജ്യത്ത് ഐടി മേഖല കൂടുതല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) ആണ് ഐടി മേഖലയിലെ തൊഴില്‍ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2017 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2018 ല്‍ ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ 20-38% കുറയുമെന്നാണ് പഠനം.

2018 ല്‍ 1.3-1.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 2017ല്‍ 1.8 ലക്ഷം തൊഴിലവസരങ്ങളാണ് ഉള്ളത്. ഓട്ടോമേഷന്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ മറ്റു മേഖലകളില്‍ പുതിയവ സൃഷ്ടിക്കപ്പെടുമെന്ന് നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറയുന്നു. ഈ മാസം ആദ്യം നോക്കുമ്പോള്‍ ഇന്ത്യയുടെ സോഫ്‌റ്റ്വെയര്‍ കയറ്റുമതിയില്‍ 116 ബില്ല്യന്‍ ഡോളര്‍ ബിസിനസ് നടത്തിയ കമ്പനികള്‍ ടിസിഎസും വിപ്രോയുമായിരുന്നു.

ഏപ്രില്‍-ജൂണ്‍ പാദവര്‍ഷത്തില്‍ ജോലിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വിപ്രോ വ്യാഴാഴ്ച പുറത്തുവിട്ട സാമ്പത്തിക പാദവര്‍ഷ റിപ്പോര്‍ട്ടില്‍ ജോലിക്കാരുടെ തലയെണ്ണം 1309 ആയി കൂടിയതായാണ് കാണിക്കുന്നത്. ടെക്‌നോളജി മേഖലയില്‍ ജോലിക്കാരെ കുറച്ചു കൊണ്ടുവരികയാണ്. യുഎസിലും യുകെയിലുമെല്ലാം ജോലിയില്ലായ്മ കുറഞ്ഞിട്ടുണ്ട്. പക്ഷേ അവിടെ ജോലി നഷ്ടപ്പെടുന്നവരും കുറവല്ല.

എഞ്ചിനീയറിംഗ് കാമ്പസുകളില്‍ ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്നവര്‍ ഐടി കമ്പനികളാണ്. അതിനാല്‍ ഈ വര്‍ഷം ക്യാമ്പസ് പ്ലേസ്‌മെന്റുകളും താരതമ്യേന കുറയുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 30,000 ല്‍ അധികം വിദ്യാര്‍ഥികള്‍ ആണ് കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ വഴി ജോലി നേടിയത്.