മെഡിക്കല്‍ കോഴ വിവാദം: എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് സാധ്യത

single-img
22 July 2017

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം നേരിട്ട് അന്വേഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അന്വേഷണ ചുമതല ഏല്‍പ്പിക്കുമെന്നാണ് സൂചന. ഹവാല മാര്‍ഗം ഉപയോഗിച്ചാണു കോഴ നല്‍കിയ പണം ഡല്‍ഹിയില്‍ എത്തിച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനെ അന്വേഷണം ഏല്‍പ്പിക്കുന്നത്.

അതേസമയം, ബിജെപിയുടെ കോര്‍ കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മെഡിക്കല്‍ കോഴ വിവാദത്തില്‍ എത്ര ഉന്നതനായാലും തല ഉരുളുമെന്നും കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കി. ബി.എല്‍. സന്തോഷാണ് കേന്ദ്രത്തിന്റെ നിര്‍ദേശം യോഗത്തില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ നസീര്‍ മാത്രമല്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിലെ പണപ്പിരിവില്‍ വ്യാജരസീത് ഉപയോഗിച്ചതിനും കേന്ദ്ര നേതൃത്വം വിശദീകരണം തേടി.

വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാര്‍ട്ടിയില്‍നിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണില്‍ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.

മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്നു ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് വിവരം. റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലില്‍നിന്നാണു വി. മുരളീധരന്‍ പക്ഷ നേതാക്കള്‍ക്കു റിപ്പോര്‍ട്ടു ചോര്‍ന്നുകിട്ടിയതെന്നാണു പാര്‍ട്ടി അധ്യകഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നത്. നസീറിന്റെ ഇമെയില്‍ വഴിയാണു റിപ്പോര്‍ട്ടിന്റെ പകര്‍പ്പു പുറത്തുപോയതെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം. അതല്ല മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ടു നല്‍കിയതു വി.വി. രാജേഷാണെന്നും സൂചനകളുണ്ട്.