ദിലീപിനെ കുടുക്കാന്‍ കോടിയേരിയടക്കം മൂന്നുപേര്‍ ഗൂഡാലോചന നടത്തി: ആരോപണവുമായി പിസി ജോര്‍ജ്

single-img
22 July 2017

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി വീണ്ടും പി.സി ജോര്‍ജ് എംഎല്‍എ. ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ പുതിയ ആരോപണം.  പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണ് ദിലീപിന്റെ അറസ്റ്റ്‌. കോടിയേരിയടക്കം മൂന്ന് പേരാണ് ദിലീപിനെതിരെയുള്ള ഗൂഢാലോചന നടത്തിയത് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ചാരക്കേസില്‍ കെ കരുണാകരനെതിരെ നടത്തിയത് പോലെ ആണ് ഇവിടെയും നടന്നത്. കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി സന്ധ്യ, ഒരു തിയേറ്റര്‍ ഉടമ എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്ന് ജോര്‍ജ് ആരോപിച്ചു.

നേരത്തെയും ദിലീപിന് അനൂകൂലമായി പിസി ജോര്‍ജ് സംസാരിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തുടര്‍ന്ന് ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് പിസി ജോര്‍ജ് ചോദിച്ചിരുന്നു.