ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ പൊട്ടിക്കരഞ്ഞ് എം.ടി.രമേശ്: കുമ്മനത്തിന് രൂക്ഷ വിമര്‍ശനം

single-img
22 July 2017

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കുമ്മനം രാജശേഖരന് രൂക്ഷവിമര്‍ശനം. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അഴിമതി വിവാദത്തില്‍ അന്വേഷണ കമ്മീഷനെ വെച്ചതുപോലും അറിഞ്ഞില്ലെന്ന് കോര്‍ കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ കമ്മീഷനെ വെച്ചത് അതീവ രഹസ്യമായിട്ടാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നും കുമ്മനം യോഗത്തെ അറിയിച്ചു.

തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് ആരോപണ വിധേയനായ എം.ടി രമേശ് പറഞ്ഞു. തന്നെ തേജോവധം ചെയ്യാനായി നടന്ന ശ്രമത്തില്‍ പക്ഷെ പാര്‍ട്ടി ഒന്നാകെ നാണം കെടുകയായിരുന്നുവെന്നും രമേശ് വികാരാധീനനായി പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ആവശ്യത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. കോഴ വിഷയത്തിലും റിപ്പോര്‍ട്ട് ചോര്‍ന്നതിലും കര്‍ശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അറിയിച്ചു.

അതേസമയം, വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാര്‍ട്ടിയില്‍നിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണില്‍ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്.

സംസ്ഥാന ഘടകത്തിലെ കടുത്ത വിഭാഗീയതയാണ് റിപ്പോര്‍ട്ട് ചോര്‍ച്ചക്ക് പിന്നിലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അന്വേഷണക്കമ്മീഷനിലെ അംഗമായ എ.കെ നസീറിനെയാണ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ മെയിലില്‍ നിന്ന് റിപ്പോര്‍ട്ട് ഒരു ഹോട്ടലിന്റെ മെയിലിലേക്ക് പോയതായാണ് വിവരം. ഇതിന്റെ പേരില്‍ നസീറിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പുറത്തുവരുന്ന വിവരം