മന്ത്രിയെ ‘പുകഴ്ത്താന്‍’ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി; വെട്ടിലായി ബിജെപി

single-img
22 July 2017

ആംഗുള്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രിയെ ‘പുകഴ്ത്താന്‍’ 500 രൂപ കൈക്കൂലി. മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ മീഡിയ കിറ്റിലാണ് 500 രൂപകൂടി ഉള്‍പ്പെടുത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കായി വിതരണം ചെയ്ത കിറ്റിലാണ് 500 രൂപ കൂടി നല്‍കിയത്. ഇക്കാര്യം എന്‍.എച്ച്.എ.ഐ അധികൃതരെ കണ്ട് ചോദിക്കുമെന്ന് മാധ്യമപ്രവര്‍ത്തകനായ ദിപ്താന്‍ഷു ശേഖര്‍ ദാസ് പറഞ്ഞു.

സംഭവം പുറത്തായതോടെ തടിയൂരിയിരിക്കുകയാണ് ബിജെപി. തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നും ദേശീയപാത അതോറിറ്റിയാണ് കിറ്റ് വിതരണം ചെയ്തതെന്നുമാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ഈ നിലപാട് എന്‍.എച്ച്.എ.ഐ തള്ളി. ‘മാധ്യമപ്രവര്‍ത്തകര്‍ക്ക് കിറ്റ് വിതരണം ചെയ്യാന്‍ മാത്രമാണ് എന്നോട് പറഞ്ഞത്. അതിനുള്ളില്‍ എന്താണെന്ന് തനിക്കറിയില്ലെന്നും’ എന്‍എച്ച്എഐ പിആര്‍ഒ സിവന്‍ സിങ് പരിഹാര്‍ പറഞ്ഞു.

അതേസമയം പബ്ലിസിറ്റിക്കായി ബിജെപി തന്നെയാണ് ഇത് ചെയ്തതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കി പാര്‍ട്ടി പരിപാടികള്‍ക്ക് പബ്ലിസിറ്റി വര്‍ധിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം.