എംഎല്‍എ ആറു മാസമായി മാനസികമായി പീഢിപ്പിക്കുന്നുവെന്ന് യുവതി: വിന്‍സെന്റിനെതിരെ പീഡനശ്രമത്തിന് കേസ്

single-img
21 July 2017

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ പീഡനശ്രമത്തിന് കേസെടുത്തു. യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ നേരത്തെ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡനശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിരിക്കുന്നത്.

എംഎല്‍എ ആറു മാസമായി മാനസികമായി പീഢിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഫോണിലൂടെ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയില്‍ വന്നും ശല്യം ചെയ്‌തെന്നും ഭര്‍ത്താവും മൊഴി നല്‍കി.

ഭീഷണിപ്പെടുത്തല്‍, ആത്മഹത്യ പ്രേരണാക്കുറ്റം എന്നീ കുുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തെ കേസെടുത്തിരുന്നത്. അതേസമയം എം.വിന്‍സെന്റിനെതിരായ പീഢനക്കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ എംഎല്‍എ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് എം വിന്‍സെന്റ് സംഭാഷണത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. എംഎല്‍എയുടെ ആവശ്യപ്രകാരം താന്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരന്‍ പറയുന്നതും സംഭാഷണത്തിലുണ്ട്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് വീട്ടമ്മ മൊഴി നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെടുന്നു. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം പറഞ്ഞു.

അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുറ്റക്കാരനാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.