വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ യുഎഇ: തെളിവുകളുമായി ഖത്തര്‍

single-img
21 July 2017

ദോഹ: ഗള്‍ഫ് ഭരണപ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎഇ ആണെന്ന ആരോപണവുമായി ഖത്തര്‍ രംഗത്ത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചതാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം യുഎഇക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തു വന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ ഖത്തര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യുഎഇ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന അവകാശവാദവുമായാണ് ഖത്തറിന്റെ രംഗ പ്രവേശനമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.

അന്വേഷണ സംഘം കണ്ടെത്തിയ ഐപി അഡ്രസ് യുഎഇയുമായി ബന്ധിപ്പിക്കുന്നതാണ്. യുഎഇക്കൊപ്പം ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ മറ്റൊരു രാജ്യവും ഹാക്കിങ്ങില്‍ പങ്കാളിയായിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. ക്യുഎന്‍എയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹാക്കേഴ്‌സിന് സാധിച്ചതായും സാങ്കേതിക വകുപ്പ് മന്ത്രാലയത്തിന്റെ തലവന്‍ അലി മുഹമ്മദ് അല്‍ മുഹന്നദി വ്യക്തമാക്കി. മെയ് 24ന് മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് ഹാക്കിങ് നടന്നത്. 25ന് തന്നെ സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഖത്തറിലെ ഐടി വിദഗ്ധര്‍ക്ക് സാധിച്ചു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ യുഎഇ ആണെന്നും വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ യു.എ.ഇ ആണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇത് സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാകാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ദി ഗാഡിയന്‍ പത്രം നടത്തിയ വെളിപ്പെടുത്തല്‍ യു.എ.ഇ നിഷേധിച്ചിട്ടുണ്ടെങ്കിലും ദുബായ് ഉള്‍പ്പെടെ ഇത് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് സൂചന.

ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദിയുമായി ചേര്‍ന്ന് അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നു ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ക്കു അഭിപ്രായമുള്ളതായാണ് വിവരം. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധപെട്ടു അബൂദാബിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാകുന്നതോടെ യു.എ.ഇ നേതാക്കള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും ഖത്തറിനെതിരായ ഉപരോധത്തില്‍ അയവു വരുത്താന്‍ സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദം കൂടി വരുന്നതായും സൂചനയുണ്ട്.