ഗോ സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയില്‍

single-img
21 July 2017

ന്യുഡല്‍ഹി: രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയില്‍. ഇത് സംസ്ഥാനങ്ങളുടെ വിഷയമാണെന്നും നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഗോ ജാഗ്രതാ സമിതിയുടെ പേരില്‍ നടക്കുന്ന ജനക്കൂട്ടത്തിന്റെ ആക്രമണത്തെ കുറിച്ച് സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ഗോരക്ഷാ പ്രവര്‍ത്തകര്‍ പല സംസ്ഥാനങ്ങളിലും വ്യാപകമായി അക്രമണം അഴിച്ചുവിടുകയാണെന്നും ന്യൂനപക്ഷങ്ങളേയും ദളിതരേയും കടന്നാക്രമിക്കുകയുമാണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. തുടര്‍ന്ന് വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നേരത്തേ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു ജാഗ്രതാ സമിതിക്കും നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കാന്‍ രാജ്യത്ത് അധികാരമില്ല. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഏതൊരു വിധത്തിലുള്ള ജാഗ്രത നടപടികളെയും അനുകൂലിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു.

സമാനവിഷയത്തില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്ന രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മറുപടി നല്‍കിയിരുന്നില്ല. നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അക്രമ ദൃശ്യങ്ങളും മറ്റും നീക്കുന്നതിന് കേന്ദ്രവും സംസ്ഥാനവും കോടതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.