ഡ്രൈവര്‍മാര്‍ ജാഗ്രതൈ!: റോഡ് സുരക്ഷയ്ക്കായി മോട്ടോര്‍ വാഹന നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു

single-img
21 July 2017


ന്യൂഡല്‍ഹി: കാലപ്പഴക്കം ചെന്ന ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പരിഷ്‌കരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭ അംഗീകരിച്ച മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി ബില്ലില്‍ റോഡ് സുരക്ഷയ്ക്കായി സമഗ്ര നിയമനിര്‍മാണ ചട്ടക്കൂടാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കാനും നിര്‍ദേശിക്കുന്നു. അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

ട്രാഫിക് നിമയം ലംഘിച്ചാലുള്ള പിഴ കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുക, അപകടകരമായും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുക തുടങ്ങിയവയ്ക്ക് ഇനി 5000 രൂപയാണ് പിഴ. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അമിത വേഗം എന്നിവയ്ക്ക് 1000 മുതല്‍ 2000 രൂപ വരെ പിഴ ഈടാക്കാം. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 1000 രൂപയാണ് പിഴ.

വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പും ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം ഉറപ്പാക്കും.

പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും. അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസമായിരിക്കും. അംഗ വൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം തുടങ്ങിയവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.