ഖത്തറിനെതിരായ ഉപരോധം: സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നു

single-img
21 July 2017

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദിയെ ഉന്നം വെച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ യു.എ.ഇ ആണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഉപരോധ രാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ട്.

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ദി ഗാഡിയന്‍ പത്രം നടത്തിയ വെളിപ്പെടുത്തല്‍ യു.എ.ഇ നിഷേധിച്ചിട്ടുണ്ടെങ്കിലും ദുബായ് ഉള്‍പെടെ ഇത് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് സൂചന. ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദിയുമായി ചേര്‍ന്ന് അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നു ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ക്കു അഭിപ്രായമുള്ളതായാണ് വിവരം.

വെബ്‌സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധപെട്ടു അബൂദാബിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാകുന്നതോടെ യു.എ.ഇ നേതാക്കള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും ഖത്തറിനെതിരായ ഉപരോധത്തില്‍ അയവു വരുത്താന്‍ സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദം കൂടി വരുന്നതായും സൂചനയുണ്ട്.

ഖത്തറുമായി കൂടുതല്‍ വാണിജ്യ ബന്ധം പുലര്‍ത്തുന്ന ദുബായ് ഭരണകൂടമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ ദിവസം ലണ്ടനിലെ ഷത്തം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന്റെ ഭാഗമായി കാണുന്നവരുണ്ട്.

തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദി അറേബ്യയും സംശയത്തിന്റെ നിഴലിലാണെന്നും ഇക്കാര്യം പരസ്യമായ രഹസ്യമാണെന്നും അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ സൗദി പൗരന്മാരുമായി ബന്ധപ്പെട്ട് നിരവധി തീവ്രവാദ കേസുകള്‍ ഉയര്‍ന്നുവന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്‍വര്‍ ഗര്‍ഗേഷിന്റെ പരാമര്‍ശം സൗദിക്ക് നേരെ തൊടുത്ത ഒളിയമ്പാണെന്നു പ്രശസ്ത അറബ് രാഷ്ട്രീയ നിരീക്ഷകന്‍ അബ്ദുല്ല അല്‍ അമാധി അഭിപ്രായപ്പെട്ടു.

അതേസമയം ഒന്നര മാസം പിന്നിട്ടിട്ടും ഖത്തറിനെ പ്രതിരോധത്തിലാക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്ക് കഴിയാതെ വന്നതും അന്താരാഷ്ട്ര സമൂഹത്തില്‍ ഖത്തറിന് പിന്തുണ കൂടി വരുന്നതും യു.എ.യുടെ ചുവടുമാറ്റത്തിന് പ്രേരണയായിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിന്ന് ഖത്തര്‍ പുറത്തു പോകുന്ന സാഹചര്യമുണ്ടായാല്‍ അത് മേഖലയുടെ സാമ്പത്തിക സുസ്ഥിരതയെ തന്നെ ബാധിക്കുമെന്നും കാര്യങ്ങള്‍ ആ രീതിയിലേക്ക് നീങ്ങുന്നതില്‍ യു.എ.ഇ അസന്തുഷ്ടരാണെന്നും അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രാപ്പെട്ടിരുന്നു.

ഇതിനിടെ നേരത്തെ ഖത്തറിന് മുന്നില്‍വെച്ച 13 ഉപാധികള്‍ക്ക് പകരമായി ആറ് വിശാല തത്ത്വങ്ങള്‍ സൗദി മുന്നോട്ടുവെച്ചിരിന്നു. മാത്രമല്ല, അല്‍ ജസീറ ചാനല്‍ പൂട്ടേണ്ടതില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു. ഖത്തര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നപ്പോള്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും തുടര്‍ച്ചയായി വിട്ടുവീഴ്ചയിലേക്ക് മാറുന്ന കാഴ്ചകള്‍ക്കും ജിസിസി സാക്ഷ്യം വഹിച്ചു.

എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ഖത്തര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പഴയ അവസ്ഥയിലാകാന്‍ ബുദ്ധിമുട്ടാണെന്ന് കൂടി യു.എന്നിലെ യു.എ.ഇ. സ്ഥിര പ്രതിനിധി ലാന നുസ്സൈബയും പറഞ്ഞു. എന്നാല്‍ ഖത്തര്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ച് പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മറിക്കടക്കാന്‍ സാധിക്കില്ലെന്ന സ്ഥിതിയാണിപ്പോള്‍.