‘നടിയെ ആക്രമിച്ച കേസില്‍ പാലക്കാട് സ്വദേശിയുടെ ഇടപെടല്‍ നിര്‍ണായകമായി’: പിടി തോമസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി

single-img
21 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് പോലീസിന് മൊഴി നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് അന്വേഷണസംഘം എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവം ആദ്യം അറിഞ്ഞവരില്‍ ഒരാളെന്ന നിലയില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്.

നടിയെ ആക്രമണത്തിന് ഇരയാക്കിയശേഷം അക്രമി സംഘം രാത്രി ഇറക്കി വിട്ടത് കാക്കനാട്ടുള്ള നടനും സംവിധായകനുമായ ലാലിന്റെ വീടിനു മുന്നിലായിരുന്നു. വിവരം അറിഞ്ഞ് ലാലിന്റെ വീട്ടില്‍ ഉടന്‍തന്നെ എത്തിയ സ്ഥലം എംഎല്‍എയായ പിടി തോമസാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എംഎല്‍എ വിവരം അറിയിച്ചിരുന്നു.

പൊലീസില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് മൊഴി കൊടുത്തശേഷം പുറത്തിറങ്ങിയ പിടി തോമസ് അറിയിച്ചു. ആക്രമണത്തിനിരയായ കുട്ടി ആദ്യമെത്തിയ ലാലിന്റെ വീട്ടില്‍ ഉടന്‍തന്നെ താന്‍ എത്തിയപ്പോള്‍ കണ്ടതും അറിഞ്ഞതുമായ സംഭവങ്ങള്‍ പൊലീസിനോട് വിശദീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരമാണെന്ന് പിടി തോമസ് പറഞ്ഞു. കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത എറണാകുളത്തെ ഒരു അഭിഭാഷകയുടെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഒരു സഹയാത്രികന്‍ ആലുവ പോലീസില്‍ വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വളഞ്ഞിട്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

ആ അവസരത്തില്‍ വെറുമൊരു സാധാരണക്കാരനാണ് ഈ കേസില്‍ ഒരു തുമ്പുണ്ടാക്കാനുള്ള സഹായം നല്‍കിയതെന്ന് സന്ധ്യയെന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ആലുവ പോലീസില്‍ അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ്. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടി അക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നില്ലെന്നും പി.ടി തോമസ് പറഞ്ഞു. നേരത്തേ അന്വേഷണത്തില്‍ താന്‍ സംശയം പ്രകടിപ്പിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത് പൊലീസിനെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. ഇതുപോലെ മറ്റുചിലരും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ തയാറായി നില്‍ക്കുകയായിരുന്നു. ഇതാണ് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമായത്. സി.ബി.ഐ വന്നാല്‍ ആദ്യം അന്വേഷിക്കുന്നത് കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചായിരിക്കുമെന്നും പി.ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.